ഭഗത്‌സിംഗ്

Friday, December 28, 2012 12:00:00 AM

Text Size    

'' അങ്ങനെ പറയാതെ ഭഗത്‌സിംഗിനെ കുറിച്ച് എഴുതാനാവില്ല. പന്ത്രണ്ടുവയസുകാരന്‍ ഭാഗോണ്‍വാല ചോര വീണ് കുതിര്‍ന്ന ഒരു പിടിമണ്ണ് വാരിയെടുത്ത് കയ്യില്‍ കരുതിയിരുന്ന ഒരു കുപ്പിയില്‍ നിറച്ചു. ഈ കുപ്പി നെഞ്ചോട് ചേര്‍ത്ത് ഭാഗോണ്‍വാല ഒരു പ്രതിജ്ഞയെടുത്തു. ''നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണക്കാരനായ ബ്രിട്ടീഷുകാരോട് പകരം ചോദിക്കും. ഇത് സത്യം സത്യം സത്യം''. ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കുരുതി നടത്തിയതിന്റെ പിറ്റേദിവസമാണ് ഭാഗോണ്‍വാല ഈ പ്രതിജ്ഞയെടുത്തത്. ഭാഗ്യം കൊണ്ടുവരുന്നവന്‍ അതായിരുന്നു ഭാഗോണ്‍വാല എന്ന പേരിനര്‍ത്ഥം. വളര്‍ന്ന് വലുതായപ്പോള്‍ അച്ഛനമ്മമാര്‍ അവന് പുതിയ പേരിട്ടു ഭഗത്‌സിംഗ്. 
1920 ലെ നിസ്സഹകരണപ്രസ്ഥാനത്തില്‍ 13 കാരനായ ഭഗത്‌സിംഗ് ഗാന്ധിജിക്കൊപ്പം നിന്നു. 19-ാം വയസില്‍ തൂക്കിലേറ്റപ്പെട്ട കര്‍ത്താര്‍സിംഗ് സരഭായിയായിരുന്നു ഭഗത് സിംഗിന്റെ ആദര്‍ശനേതാവ്. ധാരാളം വായിക്കുമായിരുന്ന ഭഗത്‌സിംഗിന്റെ അറിവ് അധ്യാപകര്‍ക്കുപോലും അത്ഭുതമുളവാക്കി. സ്വാതന്ത്ര്യലബ്ധി സായുധ വിപ്ലവത്തിലൂടെ എന്ന് ഭഗത് ഉറച്ച് വിശ്വസിച്ചു. ലാലാലജ്പത്‌റായിയുടെ മരണത്തിന് ഉത്തരവാദിയായ പോലീസുകാരുടെ വധം, ലാഹോര്‍ കലാപം ഇവക്കൊടുവില്‍ 1930 ഒക്‌ടോബര്‍ ഏഴിന് ഭഗത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഭഗത്‌സിംഗിന്റെ അച്ഛന്‍ ദയാഹര്‍ജി നല്‍കിയെങ്കിലും ഭഗത്‌സിംഗ് അതിനെ എതിര്‍ത്തു. ജയിലില്‍ അവസാനമായി തന്നെ സന്ദര്‍ശിക്കാനെത്തിയ അമ്മയോട് ഭഗത് പറഞ്ഞു ''എന്റെ മൃതദേഹം വാങ്ങാന്‍ അമ്മ വരരുത്. അത് കണ്ട് അമ്മ കരയും, അപ്പോള്‍ ജനം പറയും ഭഗത്‌സിംഗിന്റെ അമ്മ കരയുന്നുവെന്ന് അത് സംഭവിക്കാന്‍ പാടില്ല. 1931 ന് മാര്‍ച്ച് 23 ന് ലെനിന്‍ന്റെ ജീവചരിത്രം വായിക്കുന്നതിനിടെയിലാണ് ഓഫീസര്‍ ശിക്ഷ നടപ്പിലാക്കാന്‍ സമയമായെന്ന് അറിയിച്ചത്. ഭഗത് ഒരു കൂസലും കൂടാതെ കഴുമരത്തിലേക്ക് നടന്നു. കൂടെ നടന്ന ഡെപ്യൂട്ടി കമ്മീഷണറോട് അദ്ദേഹം അറിയിച്ചു. ''അങ്ങ് ഭാഗ്യവാനാണ്. ഇന്ത്യന്‍ വിപ്ലവകാരികള്‍ നിര്‍ഭയം മരണത്തെ നേരിടുന്നത് അങ്ങേക്ക് കാണാം. ഇന്‍ക്വിലാബ് സിന്ദാബാദ്!''. ശിക്ഷ നടപ്പിലാക്കിയ ആ സന്ധ്യയില്‍ ഭഗത്‌സിംഗിന്റേയും കൂട്ടുകാരുടേയും ചുണ്ടില്‍ മാതൃസ്‌നേഹം തുളുമ്പുന്ന ഒരു ഉറുദുഗാനം ഉണ്ടായിരുന്നു. അതിന്റെ അര്‍ത്ഥമിതായിരുന്നു ''എന്റെ മണ്ണില്‍ നിന്നുപോലും മാതൃഭൂമിയോടുള്ള സ്‌നേഹത്തിന്റെ സുഗന്ധം പുറത്തു വരും''.

 

Tags: