നര്‍സിംഗ് യാദവിന് 4 വര്‍ഷം വിലക്ക്; ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Friday, August 19, 2016 11:50:12 AM

Text Size    

റിയോ > റിയോയിലെ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. നര്‍സിങ്ങ് യാദവിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനം അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി റദ്ദാക്കി. വാഡ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി അംഗീരിക്കുകയായിരുന്നു. ഇതോടെ നര്‍സിംഗിന് 4 വര്‍ഷത്തെ വിലക്ക് വാഡ ഏര്‍പ്പെടുത്തി. 

ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിംഗ് യാദവ് പരാജയപ്പെട്ടിരുന്നു. തന്റെ ശരീരത്തില്‍ നിരോധിത മരുന്ന് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണം  നേരത്തെ ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി അംഗീകരിച്ചിരുന്നു. എന്നാല്‍ നാഡയുടെ തീരുമാനത്തിനെതിരെ ഈ മാസം 13ന് അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി അപ്പീല്‍ നല്‍കി. ഇന്നലെ അപ്പീല്‍ പരിഗണിച്ച കായിക തര്‍ക്കപരിഹാര കോടതി വാഡയുടെയും നാഡയുടെയും വാദം കേട്ടതിനൊടുവിലാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

താന്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന നര്‍സിംഗിന്റെ വിശദീകരണം കോടതി തള്ളി. ഇതോടെ 4 വര്‍ഷത്തേക്ക് നര്‍സിംഗ് യാദവിന് വിലക്ക് ഏര്‍പ്പെടുത്തി. വിലക്ക് അടിയന്തര പ്രാബല്യത്തില്‍ നിലവില്‍ വരുന്നതോടെ നര്‍സിംഗിന് റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല. 75 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഫ്രാന്‍സിന്റെ സെലിം ഖാന്‍ കദിയെവുമായി ഇന്ന് വൈകിട്ടായിരുന്നു നര്‍സിംഗിന്റെ മത്സരം നിശ്ചയിച്ചിരുന്നത്.

 

Tags: ഒളിംപിക്‌സ്