നുറുങ്ങുകള്‍

Saturday, January 5, 2013 12:00:00 AM

Text Size    

ഭീമന്‍ഃ: പച്ചക്കറികളില്‍ ഭീമനാണ് മത്തങ്ങ. അതിലേറ്റവും വലുതിന് 767 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. 121 കിലോഗ്രാം തൂക്കം ഉണ്ടായിരുന്ന ഒരു തണ്ണിമത്തന്‍ അവയുടെ കൂട്ടത്തില്‍ ഏറ്റവും വലുതായിരുന്നു.

രക്തക്കുഴലുകള്‍ഃ: ഒരു ശരാശരി മനുഷ്യന്റെ ശരീരത്തിലുള്ള രക്തക്കുഴലുകള്‍ നീളത്തില്‍ യോജിപ്പിച്ചുവെച്ചാല്‍ ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ വരും. ശ്വാസകോശത്തില്‍ മാത്രം ഈ ധമനികള്‍ 2,400 ല്‍ പരം കിലോമീറ്ററില്‍ കൂടുതല്‍ നീളം വരും.

വിവാഹപ്രായം: ഇന്ത്യയിലെ വിവാഹപ്രായം പുരുഷന്മാര്‍ക്ക് ഇരുപത്തിയൊന്നും സ്ത്രീകള്‍ക്ക് പതിനെട്ടും ആണല്ലോ. ചൈനയില്‍ പുരുഷന്മാര്‍ക്ക് ഇരുപത്തിരണ്ടും സ്ത്രീകള്‍ക്ക് ഇരുപതും ആണ് വിവാഹപ്രായമെങ്കില്‍ പാകിസ്ഥാനില്‍ അത് പതിനെട്ടും പതിനാറുമാണ്. കുവൈറ്റില്‍ അവ യഥാക്രമം പതിനേഴും പതിനഞ്ചുമാണ്.

കണ്ടക്ടറും ഡ്രൈവറും: തമിഴ് സിനിമയിലെ സ്റ്റൈല്‍മന്നന്‍ രജനീകാന്ത് താരമാകുന്നതിനുമുമ്പ് ബസ് കണ്ടക്ടര്‍ ആയിരുന്നെങ്കില്‍ ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ സംവിധായകനായ ജെയിംസ് കാമറൂണ്‍ ഒരു സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്നു.

ഡ്രൈവിംഗ് പേടി: വാഹനമോടിക്കാന്‍ പേടിയുള്ളവര്‍ ധാരാളമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സും 'സങ്കടിപ്പിച്ച്', വാഹനം വീട്ടില്‍ വാങ്ങിവെച്ചിട്ട് ഓട്ടോറിക്ഷയില്‍ ജോലിക്ക് പോകുന്ന പലരും അതില്‍ പെടുന്നവരാണ്. വിഷമിക്കേണ്ട. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനും അങ്ങനെയായിരുന്നു. അദ്ദേഹം വാഹനം ഓടിച്ചിട്ടേയില്ല.

പണം കുഴിച്ചിടാന്‍ഃ: സ്വിസ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഇന്ത്യക്കാര്‍ കള്ളപണം കുഴിച്ചിടാന്‍ ഉപയോഗിക്കുന്നത് ഭൂമിയിടപാടുകളാണല്ലോ. എല്ലാം ബാങ്കുകളില്‍ കൂടി വ്യവഹാരം നടക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ അതത്ര എളുപ്പമല്ലാത്തതിനാല്‍ വിദേശങ്ങളില്‍നിന്ന് കലാസൃഷ്ടികള്‍ വാങ്ങുകയാണ് ചിലര്‍ ഉപയോഗിക്കുന്ന വഴി. ഈ കലാരൂപങ്ങള്‍ കണക്കിലില്ലാത്തതായതിനാല്‍ അവ മോഷ്ടിക്കപ്പെട്ടാല്‍ ചിലര്‍ പരാതി നല്‍കാറില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കനുസരിച്ച് അഞ്ചുകോടിയില്‍ കൂടുതല്‍ വിലവരുന്ന മോഷ്ടിക്കപെട്ട കലാരൂപങ്ങളില്‍ 30% മാത്രമേ തിരിച്ചെടുക്കപ്പെട്ടിട്ടുള്ളൂ.

തുടക്കമല്ല പ്രധാനം: ഒരു ദിവസം ശരാശരി രണ്ടുലക്ഷം കോടി രൂപയുടെ വ്യവഹാരം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് മാര്‍ക്കറ്റ് ആയ NYSE (ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) ആരംഭിച്ചത് ഒരു ചായക്കടയിലാണ്. അതുപോലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് ആരംഭിച്ചത് കാര്‍ ഷെഡ്ഡിലും.

താടിയുള്ള പ്രസിഡന്റ്: പ്രബലരായ രണ്ട് പാര്‍ട്ടികള്‍ നേരിട്ട് മത്‌സരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുക്കപ്പെട്ട എല്ലാ താടിയുള്ള പ്രസിഡന്റുമാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായിരുന്നു.

കാര്‍ട്ടൂണ്‍ഃ: 1937 ല്‍ ഡിസ്‌നി സ്റ്റുഡിയോ നിര്‍മ്മിച്ച 'സ്‌നോ വൈറ്റ് ആന്‍ഡ് ദി സെവെന്‍ ഡ്വാര്‍ഫ്‌സ്' എന്ന ചിത്രമാണ് ഏറ്റവും ആദ്യത്തെ മുഴുനീള കാര്‍ട്ടൂണ്‍ സിനിമ. അന്ന് 15 ലക്ഷം ഡോളര്‍ ചെലവാക്കി നിര്‍മ്മിച്ച ചിത്രം 4,160 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കിയിരുന്നു. ചെലവാക്കിയതിന്റെ 277 ഇരട്ടി വരുമാനം.

#: കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ മൂന്നിനു മുകളിലായി കാണുന്ന ചിഹ്‌നമാണ് '#'. ഹാഷ്, പൗണ്ട്, നമ്പര്‍ സൈന്‍ എന്നൊക്കെ അറിയപ്പെടുന്ന പുള്ളിക്കാരന്റെ യഥാര്‍ത്ഥ പേരാണ് 'ഒക്‌റ്റോടോര്‍ഫ്'.

ബാറുകളുടെ ലോക തലസ്ഥാനം: ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാറുകളുള്ള സ്ഥലം കാനഡയിലെ നോവ സ്‌കോഷിയയിലുള്ള ഹാലിഫാക്‌സ് ആണ്. വെറും മൂന്നുലക്ഷം പേര്‍ (പഴയ തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ) താമസിക്കുന്ന അവിടെ 655 ബാറുകളുണ്ട്. ശക്തമായ നിയമങ്ങളും അവ നടപ്പാക്കുകയും ചെയ്യുന്നതിനാല്‍ അവിടെ റോഡില്‍ 'പാമ്പ്' ശല്യം ഇല്ലത്രേ.
'മുടി' മേധാവിത്വം: മുടിയുടെ കനത്തിന്റെ കാര്യത്തില്‍ പുരുഷന്‍ മുന്നിലാണ്. പുരുഷന്റെ മുടിനാരിഴയുടെ കനത്തിന്റെ പകുതി മാത്രമേ വരൂ സ്ത്രീയുടെ മുടിനാരിഴയുടെ കനം.

പെന്‍സില്‍ഃ: ഒരു പെന്‍സിലുകൊണ്ട് അന്‍പതിനായിരത്തിലധികം ഇംഗ്ലീഷ് വാക്കുകള്‍ എഴുതാം. ഒരു പെന്‍സില്‍ കഴിയുന്നതുവരെ നീണ്ട ഒരു വര വരക്കുകയാണെങ്കില്‍ അത് അന്‍പത്തിയഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ നീളം വരും.

ഹൃദയമുള്ളവന്‍ഃ: ഹൃദയമില്ലാത്തവന്‍ എന്ന വാക്ക് ഒരു പെണ്‍നീരാളിക്ക് ചിന്തിക്കുവാന്‍ എളുപ്പമല്ല. നീരാളികള്‍ക്ക് മൂന്ന് ഹൃദയങ്ങള്‍ ഉള്ളതിനാല്‍ ഒന്നോ രണ്ടോ ഹൃദയം മറ്റുള്ളവര്‍ക്ക് രഹസ്യമായി കൊടുത്താലും നീരാളി ഒരു ഹൃദയമുള്ളവനായിരിക്കും.

ആദ്യത്തെ ബില്ല്യണയര്‍ഃ: ഒരാളുടെ അധികൃത സമ്പത്ത് 5,400 കോടി രൂപയില്‍ (100 കോടി ഡോളര്‍) എത്തിയാലാണ് ബില്ല്യണയര്‍ (ശതകോടീശ്വരന്‍) ആകുന്നത്. അഴിമതിക്കാരുടേത് അനധികൃത സമ്പത്തായതിനാലാണ് അവരുടെ പേരുകള്‍ ഈ ഗണത്തില്‍ വരാത്തത്. ലോകത്തിലെ ഏറ്റവും ആദ്യത്തെ ബില്ല്യണയര്‍ ആയിരുന്നു അമേരിക്കന്‍ എണ്ണ വ്യാവസായിരുന്ന ജോണ്‍. ഡി. റോക്കര്‍ഫെല്ലര്‍.

 

Tags: