പ്രവാസികളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ

Saturday, January 5, 2013 12:00:00 AM

Text Size    

ചാനല്‍ വിചാരം- ജെബിന്‍ ജോസഫ്

മലയാളികളില്‍ ഭൂരിഭാഗം പേരും ഇന്ന് പ്രവാസികളാണ്. ദുബായ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, മസ്‌ക്കറ്റ് എന്നിങ്ങനെയുള്ള ഗള്‍ഫ് നാടുകളിലാണ് നമ്മുടെ നാട്ടിലുള്ളവര്‍ ഇന്നേറെയും. പക്ഷേ, അവിടുത്തെ ജന ജീവിതത്തിന്റേയും വാര്‍ത്തകളുടേയും സത്യസന്ധമായ ആവിഷ്‌കരണം സിനമകളില്‍പ്പോലും വളരെ വിരളമായേ കാണാറുള്ളൂ. അറബിക്കഥ, ഗദ്ദാമ, ഡയമണ്ട് നെക്‌ലസ് തുടങ്ങിയ ചില ചലച്ചിത്രങ്ങളൊഴിച്ചാല്‍ ഭൂരിഭാഗം ചലചിത്രങ്ങളും അവിടുത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ക്യാമറ തിരിക്കാറില്ല. എന്നാല്‍ ഗള്‍ഫ് നാടുകളിലെ ജീവിതക്കാഴ്ചകള്‍ സത്യസന്ധമായ് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി മുന്നേറികൊണ്ടിരിക്കുന്ന രണ്ട് പ്രോഗ്രാമുകളാണ് കൈരളിയിലെ പ്രവാസലോകവും ജീവന്‍ ടിവിയിലെ ഗള്‍ഫ് ന്യൂസ് വീക്കും.
പി.ടി.കുഞ്ഞുമുഹമ്മദാണ് പ്രവാസലോകമെന്ന കൈരളി പ്രോഗ്രാമിന്റെ ജീവാത്മാവും പരമാത്മാവും. 'തേടുന്നതാരേ' എന്നു തുടങ്ങുന്ന ബാബുരാജിന്റെ അനശ്വര സംഗീതം, ടൈറ്റില്‍ സോങ് ആക്കിയതിനു പിന്നിലെ ഔചിത്യബോധം പ്രോഗ്രാമിലുടെ നീളം പുലര്‍ത്താന്‍ പി.ടി.ദത്ത ശ്രദ്ധേയനാണ്. ഉറ്റവരേയും ഉടയവരേയും വിട്ടുപിരിയാത്തവര്‍, ഗള്‍ഫിലേക്കെന്നു പറഞ്ഞ് യാത്രചൊല്ലിപ്പോയവര്‍ തുടങ്ങി ദുരിതക്കയങ്ങളുടെ ചിത്രീകരണത്തില്‍ 'പൈങ്കിളി' സ്വഭാവം ആവുന്നത്ര കുറക്കാന്‍ പ്രവാസ ലോകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ശ്രദ്ധക്ക് അഭിനന്ദനങ്ങള്‍.
ജീവന്‍ ടിവിയുടെ ഗള്‍ഫ് ന്യൂസ് വീക്ക്, കുറേക്കൂടി വാര്‍ത്താധിഷ്ഠിതമാണെന്ന വ്യത്യാസമേയുള്ളൂ. പ്രവാസലോകവുമായിട്ട് നോക്കുമ്പോള്‍ ഫിക്ഷന്റെ രസനീയത ഡോക്യുമെന്ററിയുടെ നേര്‍ക്കാഴ്ചക്കു വഴിമാറുന്നു. പ്രവാസ ലോകത്തിന്റെ പ്രതീക്ഷകളും പ്രതിസന്ധികളും വര്‍ത്തമാന വിശേഷങ്ങളും അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം എല്ലാ വെള്ളിയാഴ്ചയും 3.30നാണ് സംപ്രേഷണം ചെയ്യുന്നത്. പ്രമുഖരുടെ ഗള്‍ഫ് ഓര്‍മ്മകളും പ്രവാസ ലോകത്തിന് അഭിമാനമായിമാറുന്ന പ്രതിഭകളുടെ പരിചയപ്പെടുത്തലും ഒക്കെയായി ഗള്‍ഫ് ന്യൂസ് വീക്ക് വേറിട്ട ദൃശ്യാനുഭവമായി മാറ്റുന്നു എന്നതിന് ജീവന്‍ ടിവിയുടെ ഈ പ്രോഗ്രാം പിന്നണിക്കാരും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. മാത്രമല്ല 330 എപ്പിസോഡുകള്‍ ഇതിനോടകം പിന്നിട്ടു എന്നതും പ്രോഗ്രാമിന്റെ വളര്‍ച്ചയെ കുറിക്കുന്നുണ്ട്.

സ്വാഭാവികമായി പിറന്നു വീഴുന്ന വാര്‍ത്തകളെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നതിനു പകരം കൃത്രിമ വാര്‍ത്തകള്‍ ഉണ്ടാക്കി ആവശ്യത്തിലധികം ഫോക്കസ് ചെയ്ത് പൊലിപ്പിച്ച് കാണിക്കുന്നു എന്നതാണ് ന്യൂ ജനറേഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന ആക്ഷേപം. പക്ഷേ അത്തരം വാര്‍ത്തകളുടെ ഉറവിടക്കാരെ പൂമാലയിട്ടു സ്വീകരിക്കാനാണ് മനോരമ ന്യൂസിന്റെ പുറപ്പാട്. കുറച്ചുകാലമായി മനോരമയില്‍ ഈ അടവുനയം തുടങ്ങിയിട്ട്. മികച്ച വാര്‍ത്താതാരത്തെ എസ്.എം.എസും ഐഡിയയും തങ്ങളുടെ തന്നെ ജഡ്ജിംഗ് പാനലുമൊക്കെ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന മറ്റൊരു മാമാങ്കമാണ് ഈ വര്‍ഷവും മനോരമ ചാനലിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.
വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ പടച്ചുവിടുന്നവരെ താരങ്ങളായി പ്രഖ്യാപിക്കുന്നു. എങ്ങനെയുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുമെന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ധാരണയൊന്നും ഇല്ല. എങ്ങനെയെങ്കിലുമൊക്കെ പത്രത്തില്‍ നാലുകോളം വാര്‍ത്തായവാണം പറ്റിയാല്‍ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസോം കഴിയുന്നത്ര ചാനനുകളിലെ രാത്രി സംവാദങ്ങളില്‍ ക്ഷണിക്കപ്പെട്ട അതിഥിയാവണം. ചാനല്‍ വിളിക്കുന്ന എല്ലാ പ്രോഗ്രാമിനും മാക്‌സിമം പങ്കെടുക്കണം, പ്രതിഫലം ഉണ്ടെങ്കിലും ഇല്ലെങ്കിലും. എങ്കില്‍ വാര്‍ത്താ താരമല്ല, വാര്‍ത്താ സൂര്യനായി പട്ടാഭിഷേകം നടത്തും. മിനിസ്‌ക്രീന്‍ മാമാങ്കം... ആഘോഷരാവ്.... ഹോ! നീയെന്‍ പൃഷ്ടം ചൊറിഞ്ഞീടില്‍ ഞാന്‍ നിന്‍ പൃഷ്ഠം ചൊറിഞ്ഞീടാം എന്നാണല്ലോ കവിവചനം. വരട്ടെ, വാര്‍ത്താതാരങ്ങള്‍!

 

Tags: