അവതരണത്തികവാര്‍ന്ന ചിത്രം

Saturday, January 5, 2013 12:00:00 AM

Text Size    

ഫസ്റ്റ് ഷോ- ആര്‍.കെ. മേനോന്‍

അവതരണ മികവ് ഒന്നു കൊണ്ടുമാത്രം ഒരു ചിത്രത്തെ വിജയിപ്പിക്കുവാന്‍ സാധിക്കുക എന്നത് ഒരു സംവിധായകന്റെ കഴിവിനെ തിരിച്ചറിയുവാന്‍ പോന്നതാണ്. ആ ഒരു മികവ് രാജീവ് രവിക്ക് അവകാശപ്പെട്ടതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറയുന്നതുപോലെ പലയാവര്‍ത്തി നമ്മള്‍ കണ്ട പ്രമേയം ഒരു മുസ്‌ളീം യുവാവിന് കൃസ്ത്യന്‍ യുവതിയോട് തോന്നുന്ന പ്രണയം വളരെ റിയലിസ്റ്റിക്ക് ആയ സീനുകളുടേയും ലൊക്കേഷന്റേയും പശ്ചാത്തലത്തില്‍ ചെയ്തു എന്നുള്ളതാണ് എടുത്തുപറയേണ്ടത്. അതുപോലെതന്നെ ഓരോ കഥാപാത്രങ്ങളുടേയും കോസ്റ്റ്യൂംസും സംഭാഷണവും വളരെ തന്മയത്വത്തോടെ ചെയ്യുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കഥയ്ക്ക് എടുത്തുപറയാവുന്ന ഒരു പുതുമയുമില്ല. യുക്തിയുക്തമായി(logically) പറഞ്ഞാല്‍ തിരക്കഥയില്‍ ഒട്ടേറെ പാളിച്ചകളുണ്ട.് എന്നിരുന്നാലും തിരക്കഥ മുന്‍കാല ചിത്രങ്ങളേക്കാള്‍ മികവു പുലര്‍ത്തുവാന്‍ സന്തോഷ് എച്ചിക്കാനം ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകനായ മണ്‍മറഞ്ഞ ബാബുരാജിന്റെ പാട്ടുകളോടു സാദൃശ്യം തോന്നുന്ന സംഗീതം നിര്‍വ്വഹിച്ച കൃഷ്ണകുമാറിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇതു മാത്രമല്ല പ്രശസ്തരായ അഞ്ചു സംവിധായകര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നുള്ളതും ഒരു പ്രത്യേകതയാണ്. (രഞ്ജിത്ത്, ബാലചന്ദ്രന്‍, ആഷിഖ് അബു, എം.ജി.ശശി, ജോയ് മാത്യൂ).
ഡ്രൈവറായ റസൂല്‍ (ഫഹദ് ഫാസില്‍) സെയില്‍സ് ഗേളായ അന്ന (ആന്‍ഡ്രിയ ജര്‍മിയ) യെ ഒരു സുഹൃത്തിന്റെ (സണ്ണി വെയില്‍) വീട്ടില്‍ വെച്ച് യാദൃശ്ചികമായി കാണുന്നു, അത് അവളിലേക്കാകര്‍ഷിക്കാന്‍ പോന്നതായിരുന്നു. അവന്‍ സുഹൃത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനാകുന്നു. അന്നയുടെ ദിവസേനയുള്ള യാത്രകളെ റസൂല്‍ എന്നും പിന്‍തുടരുന്നു. ആദ്യമാദ്യം അവള്‍ക്കത് അരോചകമായി തോന്നുന്നുണ്ടെങ്കിലും ക്രമേണ അവള്‍ അവനിലേക്കാകര്‍ഷിക്കപ്പെടുന്നു. ഇതിനോടനുബന്ധമായി റസൂല്‍ തന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുടെ കൂടെ പല ജോലികളിലും ഇടപെടേണ്ടി വരുന്നു. (ചെറിയ ക്വട്ടേഷന്‍ പ്രവൃത്തികള്‍, വണ്ടി പിടുത്തം തുടങ്ങിയവ) എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ റസൂല്‍ തീരെ തത്പരനല്ല. ഒരിക്കല്‍ സുഹൃത്തുകളും വേറെ ചിലരും തമ്മിലുള്ള അടിപിടിക്കേസില്‍ അറിയാതെ ഇവനും അകപ്പെടുന്നു. അതുകാണുന്ന അന്ന ഇവനില്‍നിന്നകലുന്നു. എന്നാല്‍ റസൂല്‍ അന്നയെ സത്യം പറഞ്ഞ് ബോധിപ്പിക്കുന്നു. ഗാഢപ്രണയത്തിലാകുന്ന ഇവര്‍ വിവാഹിതരാകുവാന്‍ തീരുമാനിക്കുന്നു. ഇതു മനസിലാക്കുന്ന അന്നയുടെ സഹോദരനും സുഹൃത്തുകളും ചേര്‍ന്ന് റസൂലിനെ മൃഗീയമായി മര്‍ദ്ദിക്കുന്നു. റസൂല്‍ പൊന്നാനിയിലേക്ക് പിതാവിന്റെ (രഞ്ജിത്ത്) അടുത്തേക്ക് നാടുവിടുന്നു. ഫ്രാന്‍സിസ് എന്ന രണ്ടാം കെട്ടുകാരനുമായി അന്നയുടെ വിവാഹം നിശ്ചയിക്കുന്നു. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ വിവാഹത്തിനു മുന്‍പ് നടക്കുന്ന ക്ലാസ് (Pre Marital Educational Saminar) നടക്കുന്നിടത്തു നിന്ന് റസൂല്‍ അന്നയെ വിളിച്ചിറക്കികൊണ്ടുപോകുന്നു. പൊന്നാനിയില്‍ പോകുന്ന റസൂലിന് അവിടേയും നില്‍ക്കാന്‍ സാധിക്കാതെ വരുന്നു. ഇവര്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഒരു എസ്റ്റേറ്റിനുള്ളില്‍ ഒരു കൊച്ചു വീട്ടില്‍ താമസമാക്കുന്നു. എന്നാല്‍ അബു (ഷൈന്‍ ടോം ചാള്‍സ്) വിന്റെ മരണത്തില്‍ റസൂലിനെ പോലീസ് അറസ്റ്റു ചെയ്യുന്നു.
സാധാരണക്കാരുടെ പച്ചയായ വികാരങ്ങളെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചു എന്നുളളതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കൂടാതെ ഷഹബാസ് അമന്റെ ഗാനാലാപനം വളരെ മനോഹരമാണ്.

 

 

Tags: