പാടുക ബാവുല്‍ ഗായക

Saturday, January 5, 2013 12:00:00 AM

Text Size    

പുസ്തകപ്പുര - എ.വി.ശശി

മാതൃഭൂമി ബുക്‌സ്. വില: 175

മിംലുസെന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു; 'വാതുല' എന്ന വാക്കില്‍ നിന്നാണ് ബാവുല്‍ എന്ന വാക്ക് രൂപം കൊണ്ടത്. കാറ്റിന് അധീനപ്പെട്ടവര്‍ എന്നാണിതിന്റെ അര്‍ത്ഥം. കാറ്റിനൊപ്പം അലയുന്നവര്‍. ബാവുലുകളുടെ സഞ്ചാരഗതികളുടെ സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു. തെരുവുകളിലാണിവര്‍ പാടുന്നത്. തെരുവിന്റെ ഗീതം. തടിയാലും മണ്ണിനാലും നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ . നീളന്‍ കുപ്പായവുമിട്ട് അലസമായി പാട്ടുകള്‍ കൊണ്ട് ജീവിക്കുന്നവര്‍. ഒറ്റ കമ്പികൊണ്ടുള്ള വീണ, തോളത്ത് ഒരു തോല്‍പ്പട്ടക്കുള്ളില്‍ വെച്ച ഒരു ഉപകരണം, ചപ്ലാംകട്ട, മൂന്നാമന്‍ വായിക്കുന്നത് തുകല്‍! അവര്‍ അവരുടെ പുരാതനരെയാണ് തുയിലുണര്‍ത്തുന്നത്. ബംഗാളിലെ ഈ നാടോടി ഗായകര്‍ സംഗീതത്തെ ജനകീയമാക്കുന്നു. പ്രകൃതിയോടുള്ള അടങ്ങാത്ത ആരാധന, ദിവ്യമായ പ്രേമം, സ്വാതന്ത്യ ബോധം ഇതെല്ലാം ബാവുല്‍ ഗായകര്‍ പങ്കുവെക്കുന്നു. ഒരു പ്രാര്‍ത്ഥനയാവാം.
അലഞ്ഞു നടന്നു ഞാന്‍
എന്നെതന്നെ ഹനിക്കുന്നു
എന്റെ പാദങ്ങള്‍ കനം നിറഞ്ഞവ.
എന്നില്‍ ദയ ചൊരിയൂ.
വെളിച്ചത്തിലേക്ക് എന്നെ കൊണ്ടുപോകൂ.
അയാളുടെ ധ്യാനങ്ങള്‍ പല്ലവിയാകുന്നു
ജാനാ അന്‍ജാന നയനേ ദാവോ
ജാനാ അന്‍ജാന നയനേ ദാവോ
പ്രണയിയായ് മാറി ആ പാട്ടുകള്‍ ജലപ്രവാഹങ്ങളായിമാറി ഗംഗ, പത്മ, ബ്രഹ്മപുത്ര അനുഭവത്തിന്റെ മഹാപാഠങ്ങളാണ് ജീവിതത്തിന്റെ സംഗീതമാവുന്നത്. തന്റെ ഇരുപത്തി രണ്ടാം വയസില്‍ മിംലുസെന്‍ ജയിലിനകത്തായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ നക്‌സ്‌ലൈറ്റ് ബന്ധം ആരോപിച്ച് ഒരു വര്‍ഷം ജയില്‍ വാസം. നീതി നിറഞ്ഞതും സാമൂഹിക സമത്വവുമുള്ള ഇന്ത്യന്‍ ജനത അവരുടെ സ്വപ്നമായിരുന്നു. തടവറയിലെ ജനലഴികളില്‍ കാതോര്‍ത്തപ്പോള്‍ അവരെ തലോടിയത് അവരെ ഏകാന്തതയില്‍ നിന്നും മോചിപ്പിച്ചത് തെരുവു പാട്ടുകളായിരുന്നു. ബാവുല്‍ ഗായകരുടെ! പിന്നീട് പാരീസില്‍ സ്വസ്ഥമായി കഴിയുമ്പോഴും അവരറിയാതെ ബാവുല്‍ ഗായകര്‍ അവരെത്തേടിയെത്തി. സ്വതന്ത്രമാവുക എന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലായത് പാട്ടുകളിലൂടെയാണ്.
ഓഗുരോ, എന്റെ കണ്ണുകളില്‍ അമൃതം നിറയ്ക്കു....
ബാവുല്‍ പാട്ടുകള്‍ ജീവിതത്തിന്റെ ഭാഗമായി. മനുഷ്യാവസ്ഥയെ പുനരോര്‍മ്മിച്ചുകൊണ്ട് അവര്‍ ഇതിഹാസ ഗാനങ്ങള്‍ പാടി ഉത്സവങ്ങള്‍ തീര്‍ത്തു. ആത്മീയമായ ഒരു ജനസംസ്‌കൃതിയെ നഗരത്തിനു പരിചയപ്പെടുത്തി. ആഗോളീകരണം ഈ തനത് സംഗീതത്തെകൂടി കവര്‍ന്നെടുത്തുവെന്ന് മിംലുസെന്‍ പറയുമ്പോള്‍ ഒരു ജീവിത സംഗീതത്തിന്റെ താളക്രമമാണ് തെറ്റുന്നത്. ഒരു വലിച്ചെറിയപ്പെട്ട ജനതയുടെ ജീവിത ചര്യകളും! പുതിയ പുതിയ പാട്ടുകള്‍ രചിച്ച് അവര്‍ പക്ഷികളേപ്പോലെ സ്വതന്ത്രരാകട്ടെ. 'ബാവുല്‍ ജീവിതവും സംഗീതവുമെന്ന' ദേശാടന പുസ്തകം മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.ബി പ്രസന്ന കുമാര്‍ ആണ്.

 

 

Tags: