ഇന്ത്യന്‍ കര്‍ഷകന്റെ ആത്മവ്യഥകള്‍

Saturday, January 5, 2013 12:00:00 AM

Text Size    

ലോകസിനിമാ ജാലകം - ഡോ. അരവിന്ദന്‍ വല്ലച്ചിറ

ഗോവയില്‍ 2012 നവംബറില്‍ അരങ്ങേറിയ 43-ാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന 14 ചിത്രങ്ങളെ പിന്‍തള്ളി മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ മയൂരം കരസ്ഥമാക്കിയത് 'അനെ ഘോറി ദാ ദാന്‍ (Anne Ghore Da Daan) ആണ്. 20 ലക്ഷം രൂപയും സുവര്‍ണ്ണ മയൂരവുമാണ് അവാര്‍ഡ്. പ്രശസ്ത പഞ്ചാബി സാഹിത്യക്കാരനായ ഗുര്‍ദയാല്‍ സിംഗിന്റെ ഇതേ പേരിലുള്ള 1976 ലെ നോവലിനെ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ഗുര്‍വിന്ദര്‍ സിംഗാണ്.
അനെ ഘോറി ദാ ദാന്‍ എന്ന പേരിനര്‍ത്ഥം 'അന്ധനായ കുതിരയ്ക്കു വേണ്ടിയുള്ള ഭിക്ഷാടനം' (Alms for a blind horse) എന്നാണ്. 2011 ല്‍ നിര്‍മ്മിച്ച ഈ ചിത്രം ഭൂവുടമകളും കര്‍ഷകരും തമ്മിലുള്ള പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെയും കഥ പറയുന്നു.
ബതിന്ദ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു വലിയ ഭൂവുടമയുടെ കൃഷിയിടത്തിലെ തൊഴിലാളികളായി ജോലി ചെയുകയാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗവും. ഗ്രാമത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനും അതുവഴി തങ്ങളുടെ ജീവിതം സന്തോഷകരമാക്കാനും അവരെല്ലാം ആത്മാര്‍ത്ഥമായി സഹകരിക്കുന്നു. ദിനം തോറും ഗ്രാമത്തില്‍ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളും പൂജകളും അവരുടെ വ്യഥകളുടെയും മാനസിക സംഘര്‍ഷങ്ങളുടെയും തീവ്രത കുറയ്ക്കാന്‍ സഹായകമായിരുന്നു.
ഈ അവസരത്തിലാണ് ഭൂവുടമ തന്റെ കയ്യിലുള്ള ഭൂമിയുടെ കുറേഭാഗം ഒരു വ്യവസായിക്ക് വില്‍ക്കുന്നത്. ഗ്രാമത്തില്‍ ഒരു ഫാക്റ്ററി തുടങ്ങാനാണ് പദ്ധതി. ഇതോടെ കുറേ കര്‍ഷകര്‍ കുടിയൊഴിക്കപ്പെടുന്നു. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഒരു ഗ്രാമവാസിയുടെ വീട് അവര്‍ ഇടിച്ചു തകര്‍ക്കുന്നു. ഗ്രാമത്തലവന്റെ മകനായ മേലു തൊട്ടടുത്ത നഗരത്തില്‍ റിക്ഷാവണ്ടി വലിക്കുന്നയാളാണ്. ഈ സംഭവത്തെ തുടര്‍ന്ന് റിക്ഷാക്കാരെല്ലാം ചേര്‍ന്ന് ഒരു സമരത്തിന് രൂപം നല്‍കുന്നു. സമരം പിന്നീട് അക്രമാസ്‌ക്തമാകുന്നു. നിസ്സഹാരായ അച്ഛനും മകനും തങ്ങളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുകയാണ്.
എവിടെയും ഏതുകാലത്തും സംഭവിച്ചിട്ടുള്ള, സംഭവിക്കാന്‍ ഇടയുള്ള ഗൗരവമുള്ള ഒരു പ്രശ്‌നമാണ് ഗുര്‍വിന്ദ് സിംഗ് തന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതാകട്ടെ ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ മൊത്തം ധര്‍മ്മ സങ്കടങ്ങളുടെ കഥയായി മാറുന്നു. വ്യവസായവത്കരണം ഗ്രാമങ്ങളെ ഗ്രസിക്കാന്‍ തുടങ്ങുന്നതിന്റെ സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ വിലയിരുത്തുവാനും സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.
സ്വന്തം കിടപ്പാടവും കൃഷിഭൂമിയും സംരക്ഷിക്കാന്‍ പാടുപെടുന്ന നിസ്സഹായരായ കര്‍ഷകരുടെ കഥകള്‍ ഇതിനുമുമ്പും ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാബുറാവു പെയ്ന്ററുടെ 'സവ്കാരി പാഷ്'(1925), ബിമന്റോയിയുടെ 'ദോ ബീഗാ സമീന്‍' (1953), മെഹ്ബൂബിന്റെ 'മദര്‍ ഇന്ത്യ' (1957) തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (NFDC) സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഗുര്‍ദയാല്‍ സിംഗും ഗുര്‍വിന്ദര്‍ സിംഗും ചേര്‍ന്നാണ്. ഛായാഗ്രഹണം സത്യറായ് നാശ്‌പോളും എഡിറ്റിങ്ങ് ഉജ്ജ്വല്‍ ചന്ദ്രയും സംഗീതം കാതറിന്‍ ലാംബും നിര്‍വഹിച്ചിരിക്കുന്നു. സാമുവല്‍ ജോണ്‍ (മേലു), മാല്‍സിംഗ് (പിതാവ്), സര്‍ബ്ജീത് കൗര്‍ (മാതാവ്) തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപ്രാത്രങ്ങളായി വേഷമിടുന്നത്.
59-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനും മികച്ച പഞ്ചാബി ചിത്രത്തിനുമുള്ള അവാര്‍ഡിന് ഈ ചിത്രം അര്‍ഹമായി.
നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ആദ്യത്തെ പഞ്ചാബി ചിത്രമാണ് അനെ ഘോറി ദാ ദാന്‍. 68-ാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഹൊറൈസന്‍ വിഭാഗത്തിലാണ് ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് അബുദാബി ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡായ ബ്ലാക്ക് പേള്‍ ട്രോഫിയും 50, 000 ഡോളറിന്റെ ക്യാഷ് പ്രൈസും ഈ പഞ്ചാബി ചിത്രം നേടുകയുണ്ടായി. അതുപോലെ 55-ാമത് BFI (ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്) ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലും അനെ ഘോറി ദാ ദാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനം 2011 ഒക്‌ടോബര്‍ 11 നായിരുന്നു. പഞ്ചാബി സിനിമയ്ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത മികച്ച അംഗീകാരങ്ങളാണ് അനെ ഘോറി ദാ ദാന്‍ നേടിക്കൊടുത്തത്.

 

Tags: