മഴവില്ലു തെളിഞ്ഞ വര്‍ഷം

Saturday, December 29, 2012 12:00:00 PM

Text Size    

ചാനല്‍ വിചാരം - ജെബിന്‍ ജോസഫ്

ചലചിത്ര രംഗവും ചാനല്‍ രംഗവും പരസ്പരപൂരകങ്ങളാണെന്നൊക്കെ നിരവധി വാദങ്ങളും തത്വങ്ങളുമൊക്കെ പലരും പറയാണുണ്ട്. പക്ഷേ മലയാള ചലചിത്രമേഖല 2012 ല്‍ സാക്ഷ്യം വഹിച്ച മാറ്റങ്ങളുടെ പാതിപോലും ചാനല്‍ രംഗത്ത് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതേ സമയം ചലചിത്ര സംപ്രേഷണത്തിന്റെ കാര്യത്തില്‍ ഇപ്പറഞ്ഞത് ഒട്ടും ബാധകമല്ല താനും. പോയവര്‍ഷങ്ങളില്‍ നല്‍കിയിരുന്നതിന്റെ ഇരട്ടിയോളം തുക കൂടുതല്‍ നല്‍കിയാണ് ഈ വര്‍ഷം പല ചാനലുകളും സിനിമ സംപ്രേഷണത്തിനായ് തിരഞ്ഞെടുത്തത്. ചലച്ചിത്ര സംപ്രേക്ഷണത്തിന് കൂടുതല്‍ തുക പ്രതിഫലം നല്‍കാന്‍ വലുപ്പചെറുപ്പമില്ലാതെ ചാനലുകാരും തയ്യാറായതോടെ ചാനല്‍ വിപണി കണ്ടിട്ടാണിപ്പോള്‍ മലയാള സിനിമയുടെയും പടം പിടുത്തം.
ഇപ്പോഴിതാ അവരുടെ അത്തരം ചിന്തകള്‍ക്ക് കരുത്തുപകര്‍ന്ന് ഉലക നായകനും എത്തിയിരിക്കുന്നു. കമലഹാസന്റെ പുതുപരീക്ഷണമായ വിശ്വരൂപം തിയ്യറ്ററിനു മുന്‍പെ ഡിടിഎച്ച് വഴി വീടുകളില്‍ നേരിട്ട് റിലീസ് ചെയ്ത് വാര്‍ത്തയാകാന്‍ ഒരുങ്ങുന്നു.
പോയവര്‍ഷം ഏറ്റവുമധികം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രോഗ്രാം എന്നതിന് ഒറ്റ ഉത്തരമേയുള്ളു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ സുരേഷ് ഗോപിയെന്ന ആക്ഷന്‍താരത്തിന്റെ പുതുജന്മത്തിന് വഴിയൊരുക്കിയ ഈ പ്രോഗ്രാം നാടകീയത ഇത്തരം പ്രോഗാമുകള്‍ക്ക് അത്യാവശ്യമാണെന്നും അരക്കിട്ട് ഉറപ്പിച്ചു.
സിനിമാ വിപണിയില്‍ ഏറെക്കുറെ അസ്തമിച്ച മിമിക്രിതരംഗം ചാനല്‍ രംഗം കീഴടക്കിയ കാഴ്ചക്കും 2012 സാക്ഷ്യം വഹിച്ചു. വൊഡാഫോണ്‍ കോമഡിയുടെ വന്‍ വിജയത്തെ തുടര്‍ന്ന് കോമഡി എക്‌സ്പ്രസ് ആരംഭിച്ചും ഏഷ്യാനെറ്റ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. മനോരമയുടെ ഇതേ ശൈലിയിലുള്ള കോമഡി ഫസ്റ്റിവലിന്റെ പ്രക്ഷകരെക്കൂടി ലക്ഷ്യമിട്ടായിരുന്നു ഒരേവിഷയത്തില്‍ രണ്ടു റിയാലിറ്റിഷോ ഒരേ വര്‍ഷം സംഘടിപ്പിക്കുക എന്ന സാഹസത്തിന് മലയാളത്തിലെ ആദ്യ സ്വകാര്യ ചാനല്‍ തയ്യാറായത്. പക്ഷേ പ്രേക്ഷകര്‍ക്ക് ഈ പ്രോഗ്രാം അത്രക്കങ്ങോട്ട് സുഖിച്ചിട്ടില്ല എന്നാണ് കേള്‍വി. എക്‌സ്പ്രസ് പോയിട്ട് പാസഞ്ചര്‍ പോലുമാകാന്‍ കഴിയാത്ത നിലവാരത്തകര്‍ച്ചയാണ് ഈ പുതുപ്രോഗ്രാം നേരിടുന്നത്.
മഴവില്‍ മനോരമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമാണ് 2012. ഏഷ്യാനെറ്റ് സൂര്യ എന്ന ചാനല്‍ ധ്രുവങ്ങള്‍ ഇപ്പോള്‍ ഏഷ്യാനെറ്റ്- മഴവില്‍ എന്ന രീതിയിലേക്ക് കറങ്ങിത്തിരിഞ്ഞെത്തിയത് ഈ ഒരൊറ്റ വര്‍ഷം കൊണ്ടായിരുന്നു. വെറുതെ അല്ല ഭാര്യ എന്ന പ്രോഗ്രാമാണ് ഇക്കാര്യത്തില്‍ മഴവില്ലിന്റെ തുറുപ്പുചീട്ട്. ഈ പ്രോഗ്രാം കൂടാതെ സിനിമാലയെ കടത്തിവെട്ടിയ മറിമായവും സ്റ്റാര്‍സിംഗറുമായി കരുത്തറ്റ മത്സരം കാഴ്ചവെച്ച ഇന്ത്യന്‍വോയ്‌സും ഏഷ്യാനെറ്റ് കോമഡി റിയാലിറ്റി ഷോകളുമായി ~ഒപ്പത്തിനൊപ്പം പൊരുതുന്ന കോമഡി ഫെസ്റ്റിവലുമൊക്കെയായി ചാനല്‍ വിപണിയില്‍ മുന്‍നിരയിലായിരുന്ന സൂര്യയെ ബഹുദൂരം പുറകിലാക്കാന്‍ നിഷ്പ്രയാസം സാധിച്ചു.
മലയാള സിനിമയിലെ 2012 ലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് പൊന്നും വില കൊടുത്ത് വാങ്ങി ഒന്നിലേറെ തവണ സംപ്രേഷിച്ചതൊഴിച്ചാല്‍ ശ്രദ്ധേയമായ ഒരു പ്രോഗ്രാം പോലും നല്‍കാന്‍ ഈ വര്‍ഷം സൂര്യക്ക് സാധിച്ചില്ല.
കച്ചവട വിജയം ലക്ഷ്യം വെക്കാതെ നിര്‍മ്മിക്കപ്പെടുന്ന മികച്ച നിലവാരമുള്ള പ്രോഗ്രാമുകള്‍ പോയവര്‍ഷവും നിരവധിയുണ്ടെന്നത് ആശ്വാസകരം തന്നെയാണ്. ഇന്ത്യാ വിഷന്റെ മ്യാവൂ, കാലിഡോസ്‌ക്കോപ്പ്, അമൃതയിലെ സിനിമാക്കാര്യങ്ങള്‍, കൈരളിയില്‍ രേഖാമേനോന്‍ അവതരിപ്പിക്കുന്ന ചലച്ചിത്രഗാനപരിപാടി തുടങ്ങിയവയൊക്കെ ഇത്തരം ജനുസില്‍ 2012 ന്റെ ചാനല്‍ കാഴ്ചയിലുണ്ടായിരുന്നു. അമൃതയിലെ സിറ്റിസണ്‍ ജേണലിസ്റ്റ്, ഏഷ്യാനെറ്റിലെ അകലങ്ങളിലെ ഇന്ത്യ തുടങ്ങിയവയും ഇത്തരം പരിപാടികളില്‍ ശ്രദ്ധേയമായവയായിരുന്നു.
ചാനല്‍ പ്രവര്‍ത്തകരുടെ കൂടുമാറ്റം ചലചിത്ര സംപ്രേഷണാവകാശ തര്‍ക്കം, മ്യൂസിക് റിയാലിറ്റിഷോകളുടെ പിന്‍വാങ്ങാല്‍ എന്നിങ്ങനെ ആഘോഷിക്കാനും ആചരിക്കാനും നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടങ്കിലും മറ്റൊരു കാര്യത്തിലാണിപ്പോള്‍ പുതുവര്‍ഷാരംഭത്തില്‍ പ്രേക്ഷക പ്രീതിക്ഷ. മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമിടെ ചാനല്‍ പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഹാഫ് പേജ്, ക്വാര്‍ട്ടര്‍, ഫുള്‍പേജ് പരസ്യങ്ങള്‍ നല്‍കി സ്വന്തം പ്രോഗ്രാമുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രം മഴവില്ലില്‍ നിന്ന് മാതൃഭൂമിയും അനുകരിക്കാന്‍ സാധ്യതയേറെയാണ്. ചാനല്‍ ധര്‍മ്മവും പത്രധര്‍മ്മവും എങ്ങിനെ സംയോജിപ്പിക്കാം എന്നതിന് പോയവര്‍ഷം വലിയൊരുദാഹരണമായി മാറിയിട്ടുണ്ട് മനോരമ. മനോരമയുടെ പ്രോഗ്രാമുകള്‍ വെണ്ടക്കാ വലുപ്പത്തില്‍ നിരത്തിവെച്ച പത്രത്തില്‍ മറ്റു ചാനല്‍ പ്രോഗ്രാമുകളെക്കുറിച്ച് അറിയണമെങ്കില്‍ ഭൂതകണ്ണാടി വെക്കണമെന്ന അവസ്ഥയാണിപ്പോള്‍ നിലവിലുള്ളതെന്ന് എല്ലാ പ്രേക്ഷകര്‍ക്കുമറിയാം. അത്തരം അസഹിഷ്ണതയുടെ വഴിയിലൂടെ തന്നെയാകുമോ മാതൃഭൂമിയും അവരുടെ പുതുചാനലും. ഏഷ്യാനെറ്റിന് ഇവരുമായി പയറ്റി നില്‍ക്കാന്‍ മര്‍ഡോക്ക് മുതലാളിയുണ്ട്. സൂര്യക്ക് സണ്‍നെറ്റ് വര്‍ക്കിന്റെ താങ്ങും തണലുമുണ്ട്. കൈരളിക്ക് സിപിഎം മുഴുവനും അമൃതക്ക് മഠം വക ധനവും സ്വന്തം. പക്ഷേ പിന്നേമുണ്ടല്ലോ ജീവന്‍, റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍ തുടങ്ങിയവ എല്ലാവര്‍ക്കും സ്വന്തം പത്രം തുടങ്ങാനൊക്കില്ലല്ലോ? പുതുവര്‍ഷം അത്തരം ചില കാര്യങ്ങള്‍ക്കു കൂടി ഉത്തരം തേടുന്നുണ്ട് ചാനല്‍ വിചാരം.

 

Tags: