പ്രണയ സ്മരണ

Saturday, December 29, 2012 12:00:00 PM

Text Size    

പുസ്തകപ്പുര - എ.വി.ശശി

ഇന്ന് നോവല്‍ എന്തും കുത്തി നിറക്കാനുള്ള ഒരു കീറാച്ചാക്കല്ല. ആവശ്യമുള്ളതു മാത്രം നിറച്ചാല്‍ മതി. അതുകൊണ്ട് തന്നെ പുതിയ നോവലിസ്റ്റുകള്‍ അവരവര്‍ക്കു വേണ്ട ഗൗരവമായ ഗൃഹപാഠങ്ങള്‍ ചെയ്താണ് നോവലെഴുതാന്‍ മുതിരുന്നത്. സി.രാധാകൃഷ്ണന്‍ തീക്കടല്‍ കടഞ്ഞതിരുമധുരം എഴുതിയതും സേതു മറുപിറവി എഴുതിയതും അത്തരം ഗൃഹപാഠങ്ങളിലൂടെയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളനോവല്‍ സാഹിത്യം ശ്രദ്ധേയമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. അന്ധകാരനഴി, പേപ്പര്‍ലോഡ്ജ്, ഇത്രമാത്രം, പാലേരിമാണിക്യം, ഇട്ടിക്കോര, മനുഷ്യന് ഒരു ആമുഖം, ചാവൊലി, ചോരശാസ്ത്രം, അരിവാള്‍രോഗം, എന്‍മകളെ, ആടുജീവിതം, ആരാച്ചാര്‍, ആതി തുടങ്ങിയവയെല്ലാം ആഖ്യാനങ്ങളിലെ പുതുമകൊണ്ടും ഭാഷയിലെ മികവുകൊണ്ടും ഏറെ ചര്‍ച്ചചെയ്തവയാണ്. അതിമനോഹരമായി ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ആത്മീയതയെ പ്രതിഷ്ഠിച്ച സി.വി.ബാലകൃഷ്ണന്റെ രചനകളും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നോവല്‍ സാഹിത്യ രചനകളെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഈയൊരു വളര്‍ച്ച അംഗീകരിക്കുന്നതുമാണ്. ഇത്തരമൊരുപരിസങ്ങള്‍ക്കകത്തുനിന്നു കൊണ്ടാണ് പുതിയ എഴുത്തുകാരെല്ലാം രചനകള്‍ നടത്തുന്നത്. ബന്യാമിനും ടി.ടി.രാമകൃഷ്ണനും മതത്തിന്റെ നിഗൂഡതകള്‍ തേടിയവരാണ്.
പരിസ്ഥിതി, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, അധികാരം, രാഷ്ട്രീയത്തിലെ ജീര്‍ണത, സമ്പത്ത്, നൂതനസാങ്കേതികവിദ്യ, നഷ്ടപ്പെടുന്ന വ്യക്തിത്വം, ലൈംഗികത, ആള്‍ദൈവങ്ങള്‍ തുടങ്ങി വലിയൊരു ക്യാന്‍വാസാണ് ഓരോ എഴുത്തുകാര്‍ക്കുമുന്നിലുള്ളത്. ഈയൊരുകാലത്താണ് സിറ്റര്‍ ജെസ്മി തന്റെ ആദ്യനോവല്‍ പ്രണയസ്മരണ എന്നപേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രമണമഹര്‍ഷി 1954 ഏപ്രില്‍ 14 ന് സമാധിയാവുന്നതിന്റെ ഏതാനും ദിവസം മുന്‍പ് മൂന്നാമത്തെ തവണ സമൂഹത്തിനെന്തെങ്കിലും ചെയ്യണമെന്ന ആവശ്യവുമായി വന്ന ഒരു ധനവാനോട് ഒന്നും ചെയ്യാതിരിക്കുക; അതായിരിക്കും ഏറ്റവും വലിയ നന്മ എന്നുപദേശിച്ചയച്ച ഒരു കഥ കുന്നംകുളം ഭാഗത്ത് ചെറുവത്താണിയിലുണ്ട്. മലയാള നോവല്‍ സാഹിത്യത്തിനും വായനക്കാര്‍ക്കും സിസ്റ്റര്‍ ജെസ്മി നല്‍കുന്ന ഏറ്റവും വലിയ സംഭാവന അതാവട്ടെ!!
കപടലോകത്തിലെന്നുടെകാപട്യം
സകലരും കാണ്‍മതാണെന്‍ വിജയവും
കുഞ്ഞുണ്ണി മാഷ്‌ക്ക് സ്തുതി ആമേന്‍!!!
(രമണമഹര്‍ഷി ജനനം 1879 ഡിസംബര്‍ 19. മഹാസമാധി 1954 ഏപ്രില്‍ 14
കടപ്പാട്... വി.കെ.ശ്രീരാമന്‍.

 

 

Tags: