അമോര്‍- കാലാതിവര്‍ത്തിയായ ഒരു പ്രണയഗാഥ

Saturday, December 29, 2012 12:00:00 PM

Text Size    

ലോകസിനിമാ ജാലകം - ഡോ. അരവിന്ദന്‍ വല്ലച്ചിറ

 

പ്രണയം മനുഷ്യ മനസിനെ തരളിതമാക്കുന്ന അനശ്വരഭാവമാണ്. പ്രണയത്തെ പാടി പുകഴ്ത്താത്ത എഴുത്തുകാരും കലാകാരന്മാരുമില്ല. ഈ മാനുഷിക ഭാവത്തെ മനോഹരമാക്കി ആവിഷ്‌ക്കരിക്കുന്ന ചിത്രമാണ് മൈക്കല്‍ ഹനെകെ (Michael Haneke) സംവിധാനം ചെയ്ത 'അമോര്‍' (Amour). വൃദ്ധദമ്പതികളും സംഗീതജ്ഞരുമായ ജോര്‍ജസും ആനിയും മകളോടൊപ്പം വിദേശത്താണ് താമസിക്കുന്നത്. ഒരു നാള്‍ 

ആനി പക്ഷാഘാതത്തിന്റെ പിടിയിലാകുന്നു. ഭാര്യയെ പരിചരിക്കുന്ന ജോര്‍ജസിന്റെ മനസാകെ പ്രക്ഷുബ്ധമാകുന്നു. പ്രണയവും മരണവും തമ്മിലുള്ള വൈരുദ്ധ്യത്തെ വൈകാരികമായി സമീപിക്കുകയാണീ ചിിത്രം. മരണമെന്ന യാഥാര്‍ത്ഥ്യം ജോര്‍ജസിന്റെയും ആനിയുടെയും പ്രണയത്തെ പരീക്ഷിക്കുമ്പോള്‍ തന്നെ അവരുടെ മാനസികമായ ബന്ധത്തെ അതിന്റെ തീവ്രതയോടെ ആവിഷ്‌ക്കരിക്കാനും സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യത്വത്തെക്കുറിച്ച് സാംസ്‌കാരിക ബോധമുള്ള ജനതയുടെ സിനിമാറ്റിക് സാഡിസ മുയര്‍ത്തുന്ന സങ്കടങ്ങള്‍ നിര്‍ഭയമായി വിശദീകരിക്കാന്‍ ഹനെകെയുടെ ശ്രമവും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആധുനിക സൈക്കോ ഡ്രാമകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ദ പിയാനോ ടീച്ചര്‍' (2001), ദ വൈറ്റ് റിബ്ബണ്‍ (2009) എന്നീ ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഒരു ആവിഷ്‌ക്കരണ ശൈലിയാണ് അമോറില്‍ ഹനെകെ സ്വീകരിച്ചിരിക്കുന്നത്. ആദ്യകാല പ്രണയത്തിന്റെ മാധുര്യം വാര്‍ദ്ധക്യത്തിലും കാത്തുസൂക്ഷിക്കുന്നവരാണ് ജോര്‍ജസും ആനിയും. ചിത്രത്തില്‍ പലപ്പോഴും അയാള്‍ തന്റെ യൗവനകാലത്തെ ഓര്‍മ്മകളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ആനിക്ക് വായിക്കാന്‍ കഴിയാതെ പോയ അയാളെഴുതിയ കത്തുകള്‍. തീവ്രപ്രണയത്തിന്റെ കാലമായിരുന്നു അത്. പ്രണയമെന്നാല്‍ അവരെ സംബന്ധിച്ച് ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കുവെക്കുകയെന്നതാണ്. അത് കുറേയൊക്കെ പരസ്പര വിശ്വാസത്തിലും മാതാപിതാക്കളെന്ന നിലയിലും കിടപ്പറയിലെ പങ്കാളിത്തത്തിലും അവര്‍ പരിപാലിച്ചിരുന്നു. ഇതില്‍ സംഭവിക്കുന്ന പാളിച്ചകളെപ്പറ്റി അയാള്‍ ഒരിക്കലും തന്റെ ഭാര്യയോട് പരാതി പറഞ്ഞിട്ടില്ല. ജീവിതകാലമത്രയും ജോര്‍ജസ് മതപരമായ വിശ്വാസങ്ങളില്‍ വലുതായിട്ടൊന്നും താല്‍പര്യമെടുത്തിട്ടില്ല. മറിച്ച് സ്വയം ആര്‍ജിച്ച വിശ്വാസങ്ങള്‍ക്കും ചിന്തകള്‍ക്കുമനുസരിച്ചാണ് അയാള്‍ ജീവിച്ചത്. ഒരു ദിവസം മകളായ ഈവയെ ആലിംഗനം ചെയ്തുകൊണ്ട് അയാള്‍ പറയുന്നുണ്ട്. 'നിന്റെ വിശ്വാസങ്ങള്‍കൊണ്ട് എനിക്ക് യാതൊരു പ്രയോജനവുമില്ല' ജോര്‍ജസ് പ്രായോഗിക ജീവിതത്തില്‍ വിശ്വസിക്കുന്നവനാണ്. അതാകട്ടെ ഈവയുടെ ജീവിതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതല്ല.ചിത്രാരംഭത്തില്‍ ഒരു പാരീസ് അപ്പാര്‍ട്ട്‌മെന്റിന്റെ അടഞ്ഞു പോയ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്‌സുകാരെ നമുക്കു കാണാം. ആ വീട്ടിലെ അംഗങ്ങള്‍ വാതില്‍ തുറക്കുന്നതും കാത്ത് അക്ഷമരായി നില്‍ക്കുകയാണ്. പിന്നീട് വാതില്‍ തുറക്കുമ്പോള്‍ നാം കാണുന്നത് ഒരു പ്രായമായ സ്ത്രീയുടെ മൃതശരീരമാണ്. അവരുടെ കൈകള്‍ മടക്കിവെച്ചിട്ടുണ്ട്. തലക്കുചുറ്റും ശരീരത്തിലും പൂക്കള്‍ വിതറി കിടക്കുന്നു. അതുപോലെ ചിത്രാന്ത്യത്തില്‍ വേനല്‍ക്കാല ക്യാമ്പിനു പോകുന്ന മകനോട് അമ്മപറയുന്നത് ദിവസവും ഒരു പോസ്റ്റ് കാര്‍ഡ് അയക്കണമെന്നാണ്. അവിടെ അവന്‍ സന്തോഷവാനാണെങ്കില്‍ കാര്‍ഡില്‍ പൂക്കളുടെ ചിത്രം വരക്കണം. പക്ഷേ ക്യാമ്പിലെത്തുന്ന മകന്‍ അയച്ചകാര്‍ഡില്‍ പൂക്കള്‍ക്കു പകരം നക്ഷത്രങ്ങളാണ് വരച്ചിരുന്നത്. ജീവിതമെന്നത് പൂക്കളും നക്ഷത്രങ്ങളും പോലെയാണെന്ന ഒരു വിശ്വാസം അവതരിപ്പിക്കുകയാണ് സംവിധായകന്‍. ജോര്‍ജസിന്റെ ജീവിതം താരങ്ങള്‍ നിറഞ്ഞതാണ്. പക്ഷേ ആനിയുടെ ജീവിതത്തില്‍ ഇപ്പോള്‍ താരങ്ങളില്ല. നിത്യശൂന്യതമാത്രം. ആസ്ട്രിയയും ഫ്രാന്‍സും ജര്‍മ്മനിയും സംയുക്തമായി നിര്‍മ്മിച്ച അമോറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് മൈക്കള്‍ ഹനെകെയാണ്. ഷാന്‍ ലൂയീസ് ട്രില്‍റ്റിനന്റ് (ജോര്‍ജസ്), ഇമ്മാനുവല്ല റിവ (ആനി), ഇസബെല്ല ഹ്യൂപ്പര്‍ട്ട് (ഈവ), അലക്‌സാന്‍ഡ്രെ താരോഡ് (അലക്‌സാന്‍ഡ്രെ), വില്ല്യം ഷിമെല്‍ (ജിയോഫ്), റമണ്‍ അഗിറേ, റീത്താ ബ്ലാന്‍കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 127 മിനിറ്റാണ് ചിത്രത്തിന്റെ പ്രദര്‍ശന സമയം.
പ്രശസ്ത ഫ്രഞ്ച് സംവിധായകനായ അലന്‍ റെനെയുടെ ക്ലാസിക്കല്‍ ചിത്രമായ 'ഹിരോഷിമ മോണ്‍ അമറി' (1959) ലെ നായികയായി വേഷമിട്ട നടിയാണ് ഇമ്മാനുവല്ല റിവ. 85 വയസ് പ്രായമുള്ളപ്പോഴാണ് അവര്‍ അമോറില്‍ അഭിനയിക്കുന്നത്. ഹിരോഷിമ മോണ്‍ അമോറില്‍ അഭിനയിക്കുന്ന കാലത്ത് റിവയുടെ പ്രായം 32 വയസ്. ട്രില്‍റ്റിനന്റിന് അമോറില്‍ അഭിനയിക്കുമ്പോള്‍ 81 വയസായിരുന്നു പ്രായം. ഏതാണ്ട് 56 വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ആന്റ് ഗോഡ് ക്രിയേറ്റഡ് വുമണ്‍' എന്ന ചിത്രത്തിലെ നായകനെ അവതരിപ്പിച്ചത് അദ്ദേഹമാണ്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡിനര്‍ഹമായ ചിത്രമാണ് അമോര്‍. 2012 ല്‍ നടന്ന 17-ാം മത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും (IFFK) ഡിസംബറില്‍ അരങ്ങേറിയ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും അമോര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

Tags: