തിരിച്ചറിയേണ്ടത് വ്യക്തിത്വത്തെ

Saturday, December 29, 2012 12:00:00 PM

Text Size    

ഫസ്റ്റ് ഷോ - ആര്‍.കെ.

വ്യത്യസ്ഥ വഴികളിലൂടെ സഞ്ചരിക്കാന്‍ പോന്ന വ്യക്തിത്വം വിരലിലെണ്ണാവുന്നവര്‍ മാത്രമെ മലയാള സിനിമയിലുണ്ടായിരുന്നുള്ളൂ. അതില്‍ ഒന്നാമത്തെയാളാണ് ഭരതന്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പുതുമുഖങ്ങളെ വെച്ചു ചെയ്തിട്ടുള്ളയാള്‍ ഇദ്ദേഹമാണ്. താരനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഇന്നത്തെ സിനിമക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു ഭരതന്‍. 'ലോറി' എന്ന ചിത്രത്തില്‍ നായകനില്ലാതെ അതിക്രൂരന്മാരായ രണ്ടുവില്ലന്‍ കഥാപാത്രങ്ങളെ (ബാലന്‍ കെ. നായര്‍, അച്ഛന്‍ കുഞ്ഞ്) വച്ച് ഒരു കഥ ഇന്നുള്ളവര്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. ഇന്നുള്ളവര്‍ താരനിര്‍

ണ്ണയം ചെയ്തതിനുശേഷമാണ് കഥ ആലോചിക്കുന്നതുതന്നെ. ഇതിന്നപവാദമായി 2011-2012 വര്‍ഷങ്ങളില്‍ ചില സംവിധായകര്‍ ഭരതന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ തയ്യാറായി എന്നുള്ളത് മലയാളത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നവയാണ്. ഇതില്‍ എടുത്തുപറയേണ്ട ഒരു സംവിധായകനാണ് ആഷിക് അബു. ഇദ്ദേഹം ചെയ്ത ആദ്യ ചിത്രം ഡാഡികൂള്‍ സ്ഥിരം ഫോര്‍മുലയിലൂടെ (സൂപ്പര്‍ താരവും നാലുപാട്ടും ഐറ്റം ഡാന്‍സും മൂന്ന് ഫൈറ്റും) പുറത്തിറക്കി. എന്നാലിത് തീരെ വിജയിച്ചില്ല. എന്നാല്‍ പിന്നത്തെ മൂന്നു ചിത്രങ്ങളും വ്യത്യസ്തങ്ങളായി ചെയ്യുവാന്‍ ആഷിക് അബു കാണിച്ച മിടുക്ക് അഭിനന്ദനാര്‍ഹമാണ്. സാള്‍ട്ട് & പെപ്പറും, 22 ഫീമെയില്‍ കോട്ടയവും ജനങ്ങള്‍ സ്വീകരിച്ച് വിജയിപ്പിച്ച ചിത്രങ്ങളായിരുന്നു. ഇവയുടെ കൂട്ടത്തിലേക്കാണ് പുതിയ ചിത്രം 'ടാ തടിയാ' ഇതും ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതിന്റെ തെളിവാണ് തിയ്യറ്റര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ടാ തടിയാ എന്ന ചിത്രം ഒപ്പം റിലീസ് ചെയ്ത രണ്ടു സൂപ്പര്‍ താരചിത്രങ്ങളേയും പിന്നിലാക്കി മുന്നേറുന്നു. എന്നുള്ളതാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്ലസ് പോയന്റ്. കഥയ്ക്കും തിരക്കഥയ്ക്കും എടുത്തുപറയേണ്ട പ്രത്യേകതകളൊന്നും തന്നെയില്ലെങ്കിലും ചിത്രത്തിന്റെ പ്രമേയവും അവതരണവും എടുത്തു പറയേണ്ടതാണ്. ടാ തടിയാ ചിത്രത്തിന്റെ പേരു പോലെ തന്നെയാണ് പ്രമേയവും. വളരെ തടിയനായ ഒരുത്തന്‍ ലൂക്കാ ജോണ്‍ പ്രകാശ് (ശേഖര്‍ മേനോന്‍) ഭക്ഷണകാര്യത്തിലൊഴിച്ച് മറ്റുകാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്തയാള്‍. ഇയാളുടെ കസിന്‍ ബ്രദറാണ് സണ്ണി ജോസ് പ്രകാശ് (ശ്രീനാഥ് ഭാസി) ലൂക്കായുടെ അച്ഛന്‍ ജോണ്‍ പ്രകാശ് (മണിയന്‍പിള്ളരാജു) സണ്ണിയുടെ അച്ഛന്‍ ജോസ് പ്രകാശും (ഇടവേളബാബു) സഹോദരങ്ങളാണ് ഇവരുടെ അച്ഛനായിട്ട് ഉണ്ടാക്കിയ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാരഥികളാണ് ഇവര്‍ . എന്നാല്‍ ഇവരുടെ മക്കളായ ലൂക്കായ്ക്കും സണ്ണിയ്ക്കും ഇതില്‍ ഒരു താല്‍പര്യവുമില്ല. എല്ലായ്‌പ്പോഴും ഊണുമേശയ്ക്കു മുന്നിലാണ് കുടുംബക്കാരെല്ലാവരും ഒത്തുകൂടുന്നത്. ലൂക്കാ കുട്ടിയായിരുന്ന കാലം മുതലേ
എല്ലാവരും ലൂക്കായുടെ ഭക്ഷണ കാര്യത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ലൂക്കായുടെ അമ്മാമ്മയെ എതിര്‍ക്കാന്‍ മക്കളായ ജോണ്‍ പ്രകാശിനോ ജോസ് പ്രകാശിനോ സാധിക്കുമായിരുന്നില്ല. അവര്‍ എന്നും കൊച്ചു മക്കളോടൊപ്പമായിരുന്നു. ലൂക്കായും സണ്ണിയും അമ്മാമ്മയെ വിളിച്ചിരുന്ന പേരാണ് നൈറ്റ് റൈഡര്‍. (അരുദ്ധതി നാഗ്) ഇവരുടെ പ്രധാന ജോലി രാത്രിയിലാണ്. മക്കളും മരുമക്കളും ഉറക്കമാകുന്ന സമയം പുതിയ പുതിയ വിഭവങ്ങള്‍ പാചകം ചെയ്ത് ലൂക്കായ്ക്ക് കൊടുക്കും. ലൂക്കായ്ക്ക് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു കളികൂട്ടുകാരിയുണ്ടായിരുന്നു. ആന്‍മേരി താടിക്കാരന്‍ (അന്‍ അഗസ്റ്റിന്‍). അവളും ലൂക്കായെപ്പോലെ തടിച്ചിട്ടായിരുന്നു. എന്നാലധികം വൈകാതെ ആന്‍മേരിയും കുടുംബവും വീടുമാറിപ്പോയി. കുറച്ചുനാള്‍ ലൂക്ക ആ വിഷമത്തിലായിരുന്നെങ്കിലും പിന്നീടയാളത് മറന്നുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്‍ മേരി തിരിച്ചു വന്നിരിക്കുന്നു. ലൂക്കാ അവളെ കണ്ട് അന്തംവിടുന്നു. വളരെ സ്ലിം ആയ ആന്‍മേരി തടികുറഞ്ഞതിന്റെ രഹസ്യം ലൂക്കായോട് വിശദീകരിക്കുന്നു. രാഹുല്‍ വൈദ്യര്‍ (നിവിന്‍പോളി) നടത്തുന്ന വൈദ്യേഴ്‌സ് മഠത്തിനു കീഴില്‍ ട്രീറ്റ്‌മെന്റ് നടത്തിയാല്‍ തടികുറയുമെന്ന് പറഞ്ഞ് ലൂക്കായെ അവിടെ പ്രവേശിപ്പിക്കുന്നു. എന്നാല്‍ അതൊരു തട്ടിപ്പാണെന്നും ആന്‍മേരി തന്നെ ചതിക്കുകയാണെന്നു തിരിച്ചറിയുന്ന ലൂക്ക നിരാശനാകുന്നു. ഈ അവസ്ഥയില്‍ നിന്നും ലൂക്കായെ നൈറ്റ് റൈഡര്‍ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നു എന്നുമാത്രമല്ല അപ്പാപ്പന്റെ പിന്‍മുറക്കാരനാണ് നീയെന്നും ലൂക്കായാണ് അടുത്ത മേയര്‍ സ്ഥാനാര്‍ത്ഥിയെന്നും പ്രഖ്യാപിക്കുന്നു. ലൂക്ക മേയറായി തിരഞ്ഞെടുക്കപ്പെടുന്നു. മേയറായ ലൂക്കായുടെ അടുത്ത് ആന്‍മേരി കുംബസരിക്കുന്നു. വൈദ്യര്‍ മഠത്തിന്റെ പിന്നാമ്പുറകഥകള്‍ പുറത്തുകൊണ്ടുവരുന്നു തടിയന്‍, കുള്ളന്‍, കറുമ്പന്‍ എലുമ്പന്‍ തുടങ്ങി സാധാരണക്കാരന്റെ അപകര്‍ഷതാബോധങ്ങളെ വാണിജ്യവല്‍ക്കരിക്കുന്ന പുതിയ ഒരു ബിസിനസുതന്നെ നമ്മുടെ നാട്ടില്‍ വേരൂന്നിയിട്ടുണ്ട്. ആയൂര്‍വ്വേദത്തിന്റേയും മറ്റും മറപറ്റി നടക്കുന്ന ഇത്തരം പ്രവര്‍ത്തികളെ ഉന്മൂലനാശം ചെയ്യുവാന്‍ നമ്മളോരോരുത്തരേയും ഉദ്‌ബോധിപ്പിക്കുവാന്‍ പോന്ന വളരെ നല്ലൊരു മെസേജാണ് ചിത്രം നമുക്കുകാട്ടിതരുന്നത്. അതിനോടൊപ്പം ഓരോരുത്തരുടേയും പുറംപൂച്ചകളല്ല വ്യക്തിത്വമാണ് തിരിച്ചറിയേണ്ടത് എന്ന തിരിച്ചറിവും നമ്മളിലേക്കെത്തിക്കുന്നു.

 

 

Tags: