ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി.

Saturday, January 5, 2013 4:50:20 PM

Text Size    

നമ്മുടെ നാട്ടില്‍ ഇന്നും പതിവുള്ള പല സംഗതികളുണ്ട്. പാരമ്പര്യത്തില്‍നിന്നും വിട്ടുമാറാന്‍ കൂട്ടാക്കാത്ത ഒരുപാട് സംഗതികള്‍. നമ്മുടെ നാട്ടിലെ വിവാഹങ്ങളും അത്തരമൊന്നുതന്നെയാണ്. ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് പപ്പടംകൂട്ടി പായസം കഴിച്ച് മധുരം നുണഞ്ഞ് ഇല മടക്കി കൈകഴുകി വന്നിട്ടൊരു ഏമ്പക്കവുമിട്ട് കൂടെ നില്‍ക്കുന്നവനോട് പറയും സദ്യ കലക്കീട്ടോ. ആരാ പാചകക്കാരന്‍, നല്ല കൈപുണ്യം ഉള്ളോനാ സദ്യ ഗംഭീരായിരിക്കണു. 
സദ്യയ്ക്ക് ശേഷം ഓരോരുത്തരും ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ സത്യത്തില്‍ പാചകക്കാരനു ലഭിക്കുന്ന അവാര്‍ഡാണ്. വരുന്ന ആയിരം പേര്‍, ആയിരം മനസ്, ആയിരം ഇഷ്ടങ്ങള്‍. എന്നാല്‍ ഈ ആയിരം പേരെയും സന്തോഷിപ്പിക്കുന്ന പാചക കലയിലെ രസതന്ത്രം. ആ രസതന്ത്രം അറിയുന്ന കഴിവുള്ള പാചകക്കാരനെ തേടി ആളുകളെത്തും. അടുത്ത സദ്യയ്‌ക്കൊരുക്കുവാന്‍
വരണമെന്നും പറഞ്ഞ്. കാലത്തിന്റെ മാറ്റത്തില്‍ വലിയ വിദ്യാഭ്യാസമില്ലാത്ത, അടുക്കളമാത്രം ലോകമായിട്ടുള്ള പാചകക്കാരെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷും ഹിന്ദിയും ഫ്രെഞ്ചും ഏതു ഭാഷയും സംസാരിക്കുന്ന, ഏത് നാടിന്റെ വിഭവങ്ങളും തയ്യാറാക്കുന്ന പ്രൊഫഷണല്‍ ഷെഫുകള്‍ പാചകലോകം കയ്യടക്കിയിരിക്കുന്നു. കേരളത്തനിമയുള്ള വിഭവങ്ങളും വിദേശികള്‍ക്ക് അവരുടെ വിഭവങ്ങളും ഒരുക്കുന്ന പ്രൊഫഷണല്‍ ഷെഫുകളെ നമ്മുടെ നാടിന് സമ്മാനിച്ചത് ഒരു മാനേജ്‌മെന്റ് കോഴ്‌സാണ്. ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുള്ള കോഴ്‌സാണിത്. പാചകത്തോട് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉചിതമായ മാനേജ്‌മെന്റ് പഠനം കൂടിയാണിത്. പ്ലസ്ടുവിന് 45ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഹോട്ടല്‍മാനേജ്‌മെന്റ് പഠനത്തിന് അവസരം ലഭിക്കും.
നമ്മുടെ നാട്ടിലെയും വിദേശങ്ങളിലെയും ത്രിസ്റ്റാര്‍, ഫൈവ്സ്റ്റാര്‍, സെവന്‍സ്റ്റാര്‍ ഹോട്ടലുകളിലെ
പാചകജോലി ചെയ്യുന്നത് ഇത്തരം പ്രൊഫഷണലുകളാണ്. വിനോദ സഞ്ചാരികളധികമെത്തുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ നാട്ടിലും ഇത്തരം പ്രൊഫഷണലുകളുടെ ആവശ്യം അധികമാണ്. അതിനാല്‍ തന്നെ ഇത്തരം പ്രൊഫഷണലുകള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ടാകും. ലോകത്തിന്റെ എല്ലാഭാഗത്തും പ്രശസ്തമാണ് ഭക്ഷണത്തിലെ കേരള സ്റ്റൈല്‍. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ ഷെഫുകള്‍ക്ക് ജോലി സാധ്യത ഏറെയാണ്. സര്‍ക്കാരിന്റെ ടൂറിസം വകുപ്പിലും ഇത്തരം പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരമുണ്ടാകും. മാത്രമല്ല സ്വയംതൊഴിലിനും ബിസിനസ്സിനും
വഴിതെളിയിക്കുന്നതുമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം.
പ്രധാന കോളേജുകള്‍
Institute of hotel management, gv raja road Kovalam, Thiruvananthapuram,
State institute of hotel management Westhill, Kozhikode
Oriental school of hotel management, Lakkidi, Wayanad.
Sree narayana guru memmorial arts and science college Valamangalam, Alapuzha
Yuvakshaethra institute of management studies Mundoor, Palakkad
Snehacharya institute of hotel management and technology, Karuvatta, Alapuzha
Lourd matha institute of hotel management and catering technology, kuttichal, thiruvananthapuram
ICNAS pallipoyil, Iruvallur, Chelannur, Kozhikode
Holy cross institute of management and technology, east nadakavu, Kozhikode
Naipunya institute of management and computer technology, Koratty Thrissur
Amal college of management studies,santhi gramam, Nilamboor

 

Tags: