മോഹനം; ഈ ജ്യോതി

Saturday, January 5, 2013 3:38:12 PM

Text Size    

രണ്ട് വ്യാഴവട്ടക്കാലമായി ജ്യോതി ഇങ്ങനെ നറുവെളിച്ചം വിതറി തെളിയുന്നു. മോഹന്‍രാജ് എന്ന കേന്ദ്ര ബിന്ദുവിനെ ചുറ്റി പ്രകാശം ചൊരിഞ്ഞ്.... ഇത് കഥയല്ല, കഥപോലെ ചിലത്. ലിംഗ സമത്വവും വീട്ടമ്മയ്ക്ക് ശമ്പളനിരക്കും ചര്‍ച്ച ചെയ്യുന്ന കാലത്ത് ഇങ്ങനെ ഒരു യുവതി ഇവിടെ കയ്യെത്തു ദൂരത്ത് ഉണ്ടെന്നറിയുക. ഇത് ജ്യോതിഭായി എന്ന 45 കാരിയുടെ ജീവിതരേഖ. അത് തുടങ്ങുന്നതാകട്ടെ ജ്യോതിയില്‍ നിന്നല്ല, ജ്യോതിയുടെ ഭര്‍ത്താവ് മോഹന്‍രാജില്‍ നിന്നുമാണ്. 

എണ്‍പതുകളില്‍ കേരളത്തിലെ യുവത്വം കരാട്ടെ എന്ന കായികകലയെ നെഞ്ചോട് ചേര്‍ത്തകാലം, തൃശ്ശൂര്‍ ജില്ലയിലെ ചിയ്യാരം എന്ന ഗ്രാമത്തില്‍ യുവാക്കളുടെ ഹരമായി കരാട്ടെമാറി. അന്ന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്ന മോഹന്‍രാജ് കായിക പ്രതിഭതന്നെ ആയിരുന്നു. കരാട്ടെയുടെ മിന്നല്‍ വേഗവും; അടക്കവും സ്വന്തമാക്കി മോഹന്‍ രാജ് കുറഞ്ഞ കാലം കൊണ്ട് തന്നെ ബ്ലാക്ക് ബെല്‍റ്റ് നേടി ഒരു പരിശീലകനായി മാറി. മെഡിക്കല്‍ റെപ്രസെന്റിറ്റീവ് ആയി ജോലി നോക്കുമ്പോള്‍ തന്നെയാണ് സംസ്ഥാന പോലീസ് സേനയില്‍ എസ്.ഐ. സെലക്ഷന്‍ ലഭിക്കുന്നത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. കരാട്ടെ പരിശീലനം കഴിഞ്ഞ് മടങ്ങും വഴി വരിയില്ലാത്ത പാലത്തില്‍ നിന്നും വീണ് അരയ്ക്ക് താഴേക്ക് എന്നെന്നേക്കുമായി അദ്ദേഹത്തിന്റെ ചലനം നഷ്ടപ്പെട്ടു. പിന്നെ വേദനയുടെ ദിനങ്ങള്‍ വിദ്യാര്‍ത്ഥിക്കുള്ള ട്യൂഷന്‍ ആയി ഏക ജീവിത മാര്‍ഗ്ഗം . വിദ്യാര്‍ത്ഥികള്‍ തന്നെ താങ്ങിയെടുത്ത് വീല്‍ചെയറില്‍ ഇരുത്തണം. അവര്‍തന്നെ തിരിച്ച് വീട്ടിനകത്താക്കണം. പരാശ്രയം ഇല്ലാതെ ഒന്നുമാകാത്തകാലം. ഈ കാഴ്ച കണ്ടാണ് ജ്യോതി എന്ന പെണ്‍കുട്ടി ഉണര്‍ന്നതും, ഉറങ്ങാന്‍ ശ്രമിച്ചതും. ഉറക്കമില്ലാത്ത ആ രാത്രികളില്‍ അതൊരു തീരുമാനമായി മാറി. മോഹന്‍ രാജിനെ വിവാഹം കഴിക്കുക. എത്ര പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിന്‍മാറാതെ 1986 ല്‍ ആ വിവാഹം മറ്റാരുമറിയാതെ നടന്നു. സാവകാശം കാര്യങ്ങള്‍ നേരെയാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്. എതിര്‍പ്പുകള്‍, വിലക്കുകള്‍, മൂന്ന് സഹോദരിമാര്‍, ഒരു സഹോദരന്‍, അച്ഛന്‍, അമ്മ, ആ കുടുംബത്തില്‍ നിന്നും, വീല്‍ചെയറിന്റെ ഇത്തിരി വട്ടത്തിലെ മോഹന്‍ രാജിന്റെ ലോകത്തിലേക്ക് കൂടുമാറ്റം. ആദ്യം സഹനത്തിന്റെ നാളുകള്‍ പിന്നെ അതിജീവനത്തിന്റേത്. ജീവിതത്തില്‍ തിരിഞ്ഞ് നോക്കാനോ, ഭാവിയിലേക്ക് നോക്കാനോ ജ്യോതിക്ക് സമയം ഉണ്ടായിരുന്നില്ല. എല്ലാ ശ്രദ്ധയും ഇതില്‍ മാത്രമായിരുന്നു. ''അന്ന് എന്റെ തീരുമാനത്തെ ആരും നല്ലതും പറഞ്ഞില്ല, ചീത്തയും പറഞ്ഞില്ല. അത് കേട്ട് നില്‍ക്കാന്‍ സമയവും ഇല്ലായിരുന്നു.'' അധികമാരും അറിയാതെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ അങ്ങനെ കുറെക്കാലം ഇടയ്ക്ക് അകന്നു പോയവര്‍ അടുത്തു. രണ്ട് കുഞ്ഞുങ്ങള്‍ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നെത്തി. രണ്ട് പ്രസവം, എന്റെ കാര്യങ്ങളും അദ്ദേഹത്തിന്റെ കാര്യങ്ങളും നോക്കണം, അത് പറഞ്ഞാല്‍ സങ്കടമാവും, സഹായിക്കാന്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നു... എങ്കിലും....'' വാക്കുകള്‍ ഇടമുറിയുന്ന നിമിഷങ്ങള്‍.
ഇടയ്ക്ക് മോഹന്‍ രാജിന്റെ വൃക്കകള്‍ തകരാറിലായി. പ്രതിസന്ധിയുടെ പുതിയ കോട്ടകള്‍... ട്യൂഷന്‍ എടുക്കാന്‍ സാധിക്കാതായി, കുട്ടികളുടെ പഠനം, ജീവിത ചിലവ് ചികിത്സ. അടുത്ത ബന്ധുക്കള്‍ ചില നല്ല സുഹൃത്തുക്കള്‍, അവരുടെ സഹായം ആശ്വാസമായി. കുട്ടികള്‍ രണ്ടാളും ഇപ്പോള്‍ ബി.ടെകിന് പഠിക്കുന്നു. ''എന്റെ ജീവിതം തൃപ്തികരമാണ്. ഞന്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല.'' ജ്യോതിഭായ് പറഞ്ഞു നിര്‍ത്തി. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഓര്‍ക്കാതെ പോയ ഈ ദമ്പതികള്‍ക്ക് പൗരാവലി ഒരു സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍. അതിന് നാടൊരുങ്ങി നില്‍ക്കുന്നു. സുമനസ്സുകള്‍ക്ക് നന്ദി......എല്ലാം കേട്ട് അരികൊതുങ്ങിയിരിക്കുന്നു മാഷ് എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മോഹന്‍ രാജ് ... ആരാണ് മാഷേ ഈ ജ്യോതിഭായി... ഒരു ചെറുചിരിയോടെ മാഷ് പറഞ്ഞു നിര്‍ത്തി 'എന്റെ ജീവനാണത്, ജീവിതവും.

 

 

Tags: