അനിമല്‍ പ്ലാനറ്റും ചില മൃഗങ്ങളും

Saturday, January 5, 2013 3:29:10 PM

Text Size    

കവിത കണ്ണന്‍

 

പിന്നേയും ഞാനതു തന്നെ കണ്ടു കൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങളായി ബ്രൗസ് ചെയ്ത് കടന്നു പോകുന്ന വഴികളില്‍ കണ്ണുടയ്ക്കുന്നു 'കണ്ണാടി ചില്ലിലെ' ദൃശ്യങ്ങളില്‍ അതുതന്നെ കാണുന്നു. ഡിസ്‌കവറിയും അനിമല്‍ പ്ലാനറ്റും നാഷണല്‍ ജോഗ്രഫിയും ഒക്കെ തന്നെയും എത്ര മികവോടെയാണിത് കാണിക്കുന്നത്. എന്നിട്ടും കണ്ട് മതിവരാതെ നമ്മളെങ്ങനെ കണ്ടുകൊണ്ടേയിരിക്കുന്നു. വിശാല മേച്ചില്‍ പുറങ്ങളിലെ വന്യമായ ശാന്തതയില്‍ മേയുന്ന മാന്‍പേട; അവിടെയങ്ങനെ പതുങ്ങിയിരിക്കുന്ന പുലി...എപ്പോഴോ ഒരു നിമിഷം... ജീവന്‍ കാലുകളില്‍ ആവാഹിച്ച് ഓടുന്ന മാനും, വിശപ്പ് കാലുകളില്‍ ആവാഹിച്ച് പായുനന്ന പുലിയും. പിന്നെ പതിവ് കാഴ്ച. എത്ര കണ്ടാലും നമ്മളത് അങ്ങനെ കണ്ടിരിക്കും. മാന്‍ നമ്മുടേതല്ല, ....പുലിയും നമ്മുടേതല്ല... പിന്നെ നമ്മുക്കെന്ത് കാര്യം !
''എന്നെ രക്ഷിക്കാനാവുമോ'' ഇടക്കെപ്പോഴോ ബോധം വീണപ്പോള്‍ അവള്‍ എഴുതി ചോദിച്ചു. എവിടെ നിന്നാണ് തുടങ്ങേണ്ടത്. ലൈംഗികാതിക്രമ കേസുകളില്‍ ഇത്രത്തോളം മൃഗീയമായത് കണ്ടിട്ടില്ലെന്ന് സഫ്ദര്‍ജങ്ങിലെ ഡോക്ടര്‍മര്‍ പറയുന്നു. നമ്മളിനി ആരോട് പറയും? തലസ്ഥാനം യുവത്വം കയ്യടക്കുന്ന, ഇടയ്ക്ക് രാഷ്ട്രീയവും മറ്റ് താല്‍പര്യങ്ങളും കൂടി ഇടകലര്‍ന്നപ്പോള്‍ അത് കലാപം ആകുന്നു. ഒരു തെറ്റിനെ ഒരുപാട് തെറ്റുകള്‍കൊണ്ട് നേരിടുന്നു. അവിടെയെല്ലായിടത്തും മേല്‍ക്കസേരകളില്‍ പെണ്‍ശക്തി നിറഞ്ഞ് നില്‍ക്കുന്നു എന്നിട്ടും ഒരു സാധാരണക്കാരിക്ക് വഴി നടക്കാന്‍ സാധിക്കാതെ പോയി.
പണ്ട് ഒരാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. പെണ്ണുങ്ങളുള്ളിടത്ത് പെണ്‍പീഡനങ്ങളും ഉണ്ടാകുമത്രേ? അപ്പോള്‍ പെണ്ണായതാണ് പ്രശ്‌നം. ഇതൊരു മുന്‍വിധിയാണ്. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സ്വകാര്യ വാര്‍ത്ത വെബ് പോര്‍ട്ടല്‍ നടത്തിയ അന്വേഷണത്തില്‍ സമൂഹം സ്ത്രീകളെ ഇത്തരം മുന്‍വിധിയോടെയാണ് കാണുന്നതെന്നെന്ന് വ്യക്തമാക്കുന്നു. ഡല്‍ഹി പോലീസ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്ന അലംഭാവം അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷം മുന്‍പുള്ള കണക്കുപ്രകാരം 414 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ചെയ്യപ്പെടാതെ പോകുന്നത് അതിലും എത്രയോ അധികം . രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളെയും ഡല്‍ഹി ഇക്കാര്യത്തില്‍ പിന്തള്ളിയിരിക്കുന്നു. നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 34.6ശതമാനം കൂടുതല്‍ ആയിരുന്നു ഇത്. കേസുകളുടെ 'നടത്തിപ്പില്‍' മിക്കവാറും പ്രതികള്‍ വിട്ടയക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യതലസ്ഥാനത്തെ പ്രമുഖ പദവികളിലെല്ലാം പെണ്‍ സാന്നിദ്ധ്യം ഉള്ളപ്പോള്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക് വരുന്നത്. വിവിധ ഏജന്‍സികള്‍ ഈ വിഷയം വിലയിരുത്തുകയും അവ പുറത്ത് കൊണ്ടു വരികയും ചെയ്യുകയുണ്ടായി. എന്നിട്ടും ഡല്‍ഹിയുടെ നിരത്തുകളില്‍ കൂടി സഞ്ചരിച്ച് ആ പെണ്‍കുട്ടി എപ്പോഴോ ഓര്‍മ തെളിഞ്ഞപ്പോള്‍ എഴുതി ചോദിക്കുകയുണ്ടായി ''എന്നെ രക്ഷിക്കാനാകുമോ'' എന്ന്, എത്രയോ മനസ്സുകളില്‍ നിന്ന് ഈ ചോദ്യം ഉയരുന്നുണ്ടാകും. മുന്നറിയിപ്പുകള്‍ ഇത്രയധികം ഉണ്ടായിട്ടും ഇന്ത്യയുടെ തലസ്ഥാനനഗരി ഇത്രമേല്‍ കുത്തഴിഞ്ഞത് എങ്ങനെയാണ്...ഇതാണോ നമ്മളീ പറയുന്ന ഡല്‍ഹി. ഡല്‍ഹിക്ക് മാത്രം സ്വന്തമല്ല ഇത്തരം വാര്‍ത്തകള്‍. നമ്മുടെ പല സംസ്ഥാനങ്ങളും സ്ത്രീപീഡന കണക്കുകളില്‍ ബഹുദൂരം മുന്നിലാണ്. കേരളവും. ഇത്തരം കേസുകളുടെ നടത്തിപ്പിലെ ക്രമക്കേട്, ഇരപിന്നേം ഇരയാകുന്ന അവസ്ഥ, ഇരയ്ക്ക് ആവശ്യമായ സാമൂഹ്യ പിന്തുണ ലഭിക്കാതെ വരുക, ഒടുവില്‍ പ്രതികള്‍ രക്ഷപ്പെടുകയോ നാമമാത്ര ശിക്ഷയ്ക്ക് വിധേയരാകുകയോ ചെയ്യുക. ഇതൊക്കെ നില നില്‍ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍ പതിവു കാഴ്ചകളില്‍ ഇനിയും നമ്മുടെ കണ്ണുകള്‍ ഉടക്കും. അതെത്ര കണ്ടാലും കൗതുകത്തോടെ വീണ്ടു കപ്പലണ്ടി കൊറിച്ച് അലസമായി കിടന്ന് നമ്മളത് കാണും...കാരണം മാന്‍ നമ്മുടേതല്ലല്ലോ...

 

Tags: ദല്‍ഹി കൂട്ടബലാല്‍സംഗം