ഹിലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Monday, December 31, 2012 12:00:00 AM

Text Size    

ന്യൂയോര്‍ക്ക്: യു.എസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ് ഹിലരിയെ ന്യൂയോര്‍ക്കിലെ പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ ആദ്യം ബോധരഹിതയായി വീണ ഹിലരിക്ക് തലക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് രക്തം കട്ടപിടിച്ചത് കണ്ടെത്തിയത്. ഹിലരിയുടെ ആരോഗ്യനില നീരിക്ഷിച്ചു വരികയാണെന്നും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ നല്‍കി വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ ഹിലരി ആശുപത്രിയില്‍ തുടരും. സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം രണ്ടാം വട്ടം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ഹിലരി നേരത്തെ തന്നെ അറിയിച്ചിരുന്നു. 2009 ജനുവരിയില്‍ ബറാക് ഒബാമ ആദ്യമായി പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോഴാണ് ഹിലരി സ്‌റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് നയതന്ത്ര ദൗത്യവുമായി യാത്ര ചെയ്ത റെക്കോര്‍ഡ് ഹിലരിയുടെ പേരിലാണ്. 112 രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലേക്കായിരുന്നു ഏറ്റവും ഒടുവില്‍ യാത്ര ചെയ്തത്.

 

Tags: ഹിലാരി ക്ലിന്റ്ണ്‍,ഹോസ്പിറ്റല്‍