ശിഥിലമായ പരിരംഭണങ്ങള്‍

Saturday, December 29, 2012 12:00:00 AM

Text Size    

ലോക സിനിമാ ജാലകം - ഡോ. അരവിന്ദന്‍ വല്ലച്ചിറ

പ്രശസ്ത സംവിധായകനായ പെഡ്രോ അല്‍മദോവര്‍ സംവിധാനം ചെയ്ത സ്പാനിഷി ചിത്രമാണ് ബ്രോക്കണ്‍ എംബ്രേസസ് സ്‌നേഹത്തെയും സ്‌നേഹനിരാസത്തെയും ക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ചിത്രമാണിത്. ഫ്‌ളാഷ് ബാക്ക് സമ്പ്രദായത്തിലാണ് സംവിധായകന്‍ ചിത്രമവതരിപ്പിക്കുന്നത്.

കോടിശ്വരനായ ഏണസ്റ്റോ മാര്‍ട്ടെലിന്റെ സുന്ദരിയായ സെക്രട്ടറിയാണ് ലെന എന്ന മഗ്ദലന. ഒരു നടിയും കൂടിയാണ് ലെന. മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന മഗ്ദലനയുടെ പിതാവിന്റെ ചിക്തിസാ ചിലവുകള്‍ വഹിക്കുന്നത് മാര്‍ട്ടെലാണ്. പിതാവിന്റെ മരണശേഷം അവള്‍ മാര്‍ട്ടെലിന്റെ ഭാര്യയാവുന്നു. ആദരണീയനായ എഴുത്തുകാരന്‍ ഹാരി കെയ്ന്‍ പ്രശസ്തനായ ഒരു ഫിലിം മേക്കറാണ്. ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന്റെ പേര് മറ്റിയോ ബ്ലാന്‍കോ എന്നാണ്. മാര്‍ട്ടെല്‍ നിര്‍മ്മിക്കുന്ന ഗേള്‍സ് ആന്റ് സ്യൂട്ട് കേസ്സസ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഗ്ദലനയാണ്. അല്‍മദോവറിന്റെ 1988 ലെ പ്രശസ്തമായ 'വുമണ്‍ ഓണ്‍ ദ വെര്‍ജ് ഓഫ് എ നെര്‍വസ് ബ്രേക്ക് ഡൗണ്‍' എന്ന ചിത്രത്തിന്റെ ഒരു റീമേക്കാണ് ബ്ലാന്‍കോ ഉദ്ദേശിക്കുന്നത്.
ചിത്രനിര്‍മ്മാണം പുരോഗമിക്കുന്നതിനിടയില്‍ മാര്‍ട്ടലും ലെനയുമായി ചില അസ്വാരഹസ്യങ്ങള്‍ ഉടലെടുക്കുന്നു. അത് പിന്നെ സംഘര്‍ഷത്തിലേക്കു വളരുന്നു. അവിചാരിതമായ ഒരു നിമിഷത്തില്‍ മാര്‍ട്ടെല്‍ ലെനയെ കോണിപ്പടിയില്‍ നിന്ന് തള്ളിയിടുന്നു. അബോധാവസ്ഥയിലായ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മഗ്ദലന ഒരു ഹോട്ടല്‍ റിസപ്ഷണിസ്റ്റിന്റെ ജോലി സ്വീകരിക്കുന്നു.
ഗേള്‍സ് ആന്റ് സ്യൂട്ട്‌കേസ്സസ് പ്രദര്‍ശനത്തിനെത്തുന്നു. പക്ഷേ ആശാവഹമായ ഒരു പ്രതികരണമായിരുന്നില്ല പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഉണ്ടായത്. ബ്ലാന്‍കോയുടെ സംവിധാന ജീവിതത്തെ ഇതു ബാധിക്കുന്നു. മാഡ്രിഡില്‍ നിന്നുള്ള ഒരു യാത്രയില്‍ ബ്ലാന്‍കോയും ലെനയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നു. ലെന മരണമെന്ന വിധിക്കു കീഴടങ്ങുകയും ബ്ലാന്‍കോയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ബ്ലാന്‍കോയുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന ജൂഡിറ്റും മകന്‍ ഡിഗോയും ബ്ലാന്‍കോയെ പരിചരിക്കാനെത്തുന്നു. കാഴ്ച നഷ്ടപ്പെട്ടെങ്കിലും ബ്രെയ്‌ലി സമ്പ്രദായത്തില്‍ അദ്ദേഹം തിരക്കഥകള്‍ രചിക്കാന്‍ പരിശീലിക്കുന്നു.
എഡിറ്റിംഗ് ടേബിളില്‍ തന്റെ ചിത്രം മോശമായ രംഗങ്ങള്‍ കൂട്ടിചേര്‍ത്ത് പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമെടുത്തത് മാര്‍ട്ടെലാണെന്ന് ബ്ലാന്‍കോ പിന്നീട് കണ്ടെത്തുന്നു. മാറ്റിവെച്ച ഈ മികച്ച രംഗങ്ങള്‍ കൂട്ടിചേര്‍ത്ത് തന്റെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതില്‍ ബ്ലാന്‍കോ വിജയം കണ്ടെത്തുന്നു. മികച്ചൊരു ചിത്രത്തിന്റെ പിറവിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. ഒരു ദിവസം ജൂഡിറ്റ് തന്റെ മകനോട് അവന്റെ പിതാവ് ബ്ലാന്‍കോയാണെന്ന സത്യം തുറന്നു പറയുന്നു.
ചലചിത്ര രംഗത്തെ അന്തര്‍ നാടകങ്ങള്‍ തുറന്നു കാണിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയെന്ന് പറയാവുന്ന ചിത്രമാണ് ബ്രോക്കണ്‍ എംബ്രേസസ്. ഇറ്റാലിയന്‍ സംവിധായകനായ ഫെഡറിക്കോ ഫെല്ലിനിയുടെ 'എയിറ്റ് ആന്റ് ഹാഫ്' എന്ന മനോഹര ചിത്രവും സിനിമയ്ക്കുള്ളിലെ സിനിമയെന്ന് വിശേഷിക്കപ്പെട്ട ഉദാത്ത സൃഷ്ടിയായിരുന്നു. അല്‍മദോവര്‍ ചിത്രത്തില്‍ മനുഷ്യനന്മയുടെ വേറിട്ട ചിന്തകളുടെ ദര്‍ശനമുണ്ട്. മാനുഷികതയെകുറിച്ചുള്ള ഒരു ഒര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം.
പെഡ്രോ അല്‍മദോവറും അഗസ്റ്റിന്‍ അല്‍മദോവറും ചേര്‍ന്ന് നിര്‍മ്മിച്ച ബ്രോക്കണ്‍ എംബ്രേസസിന്റെ തിരക്കഥ രചിച്ചത് സംവിധായകനായ പ്രെഡ്രോ അല്‍മദോവറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം റോഡ്രിഗോ പ്രീറ്റോയും എഡിറ്റിങ്ങ് ജോസ് സല്‍സെഡോയും നിര്‍വ്വഹിച്ചു. പെനിലോപ് ക്രൂസ് മഗ്ദലന ബ്ലാന്‍കാ പോര്‍ട്ടില്ലോ ജൂഡിയറ്റ് ലൂയീസ് ഹോമര്‍ മറ്റിയോ ബ്ലാന്‍ക ഹാരികെയന്‍ ജോസ് ലൂയീസ് ഗോമസ് ഏണസ്റ്റോ മാര്‍ട്ടെല്‍ തമര്‍ നോവാസ് ഡിഗോ റൂബന്‍ ഒര്‍ക്കന്‍ ഡിയാനോ റേ എക്‌സ് മാര്‍ട്ടെല്‍ ജൂനിയര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബ്ലോക്കണ്‍ എബ്രേസസ് ആദ്യം പ്രദര്‍ശിപ്പിച്ചത് 2009 മാര്‍ച്ച് 18 നാണ്. 129 മിനിറ്റാണ് ചിത്രത്തിന്റെ പ്രദര്‍ശന സമയം.
2009 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രമാണിത്. 2010ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷന് അര്‍ഹമായി. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്ന അല്‍മദോവറിന്റെ ആറാമത്തെ ചിത്രമാണിത്. മികച്ച വിദേശ ചിത്രത്തിനുള്ള സാറ്റലൈറ്റ് അവാര്‍ഡ് നോമിനേഷനും ഈ ചിത്രം നേടി. വിറ്റ്‌സ് അവാര്‍ഡില്‍ 2010 മികച്ച സംവിധായികനും തിരക്കഥക്കുമുള്ള നോമിനേഷന്‍ നേടിയതാണ് മറ്റൊരു നേട്ടമായി ചൂണ്ടികാണിക്കേണ്ടത്.

 

 

 

Tags: