മാധ്യമ ഭീകരതക്കെതിരെ

Saturday, December 29, 2012 12:00:00 AM

Text Size    

പുസ്തകപ്പുര - എ.വി.ശശി

വില-250 ഡി.സി.ബുക്‌സ്


അധികാരത്തിന്റെ ഏറ്റവും വലിയ ഉപകരണമാണ് മാധ്യമം. അധികാരത്തെ ചോദ്യം ചെയ്യേണ്ട അവസരങ്ങളില്‍ പട്ടിയെപ്പോലെ ഓച്ഛാനിച്ച് നില്‍ക്കുന്ന അപൂര്‍വ്വതരം മാധ്യമപ്രവര്‍ത്തനമാണിന്നുനടക്കുന്നത്. അതുകൊണ്ടായിരിക്കാം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ തലമുറ സമരങ്ങളേറ്റെടുക്കുന്നത്. രാഷ്ട്രീയത്തിന്റെ ജീര്‍ണതയും മാധ്യമങ്ങളെ മലീമസമാക്കിയിട്ടുണ്ട്. പുതിയ ലോകക്രമം ദരിദ്രലോകത്തിന് സമ്മാനിക്കുന്ന കുരുക്കുകള്‍ മാധ്യമങ്ങളിലൂടെയാണ്. ശരീരഭാഗങ്ങള്‍ മറക്കുവാന്‍മാത്രമുള്ളതല്ല ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ എന്നും പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ കൂടിയാണത് എന്നും ആരാച്ചാര്‍ ഓര്‍മ്മപ്പെടുത്തുന്നു. ബംഗാളി ഇതിവൃത്തമാണ് കെ.ആര്‍.മീര ഈ നോവലിന് സ്വീകരിച്ചിരിക്കുന്നത്. പേടിപ്പിക്കുന്ന ഈ പുതിയകാലത്ത് എങ്ങിനെ പോരാടണമെന്നും ആരാച്ചാര്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. പതിറ്റാണ്ടുകള്‍കൊണ്ട് ബംഗാളില്‍ ജനങ്ങള്‍ക്കെങ്ങനെ അസംതൃപ്തിയുണ്ടായതിന്റെ കാരണം അധികാരമായിരുന്നു. ചരിത്രത്തില്‍ നടന്ന കിടമത്സരങ്ങളെല്ലാം അധികാരത്തിന്റെ രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു. സ്ത്രീയുടെ സ്വത്വം എല്ലായ്‌പ്പോഴും അധികാരത്തിനും യുദ്ധത്തിനും എതിര്‍ നില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ചരിത്രത്തിന് സ്ത്രീകളെ ഭയമായിരുന്നന്നുഎന്ന് ചേതന പറയുന്നു. നോവലിലെ മറ്റൊരു കഥാപാത്രമായ സഞ്ജീവ്കുമാര്‍ എന്ന മാധ്യപ്രവര്‍ത്തകനെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് ഇവിടുത്തെ മാധ്യമങ്ങളെയാണ്. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ പ്രിംഗളകേശിനിക്കു ശേഷം വനിതാ ആരാച്ചാരുടെ കഥ പറയുന്ന ഈ നോവല്‍ നോവലെന്ന സാഹിത്യരൂപത്തെ മറികടക്കുന്നു. സ്ത്രീയായി പിറന്നവര്‍ക്ക് പ്രഹരിക്കാനുള്ള ചാട്ടവാറിന്റെ കഥയാണ് കത്തുന്ന ഈ കാലത്ത് ആരാച്ചാര്‍ നമ്മോടു പറയുന്നത്. മാധ്യമപ്രവര്‍ത്തകനായ സഞ്ജീവ്കുമാര്‍മിത്ര ഒരു ജനതയുടെ മനസ് മാത്രമല്ല മോഷണം നടത്തുന്നത്. കുറ്റം ചെയ്ത യതീന്ദ്രനാഥിന് മാനസാന്തരം വന്നതുകൊണ്ടാണ് തൂക്കുകയറിനെ അയാള്‍ക്ക് പേടിയില്ലാത്തത്. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ നടത്തുന്ന ക്രൂരവിനോദങ്ങള്‍ ചേതന പ്രതിരോധിക്കുന്നത് അവള്‍ ധരിച്ച ദുപ്പട്ടകൊണ്ടും അതിലേറെ അത്മവിശ്വാസം കൊണ്ടുമാണ്. ഇന്ദുലേഖ പണ്ട് ചെയ്തതും ഇതായിരിക്കാം. ഈ പുസ്തകത്തിലെ ചിത്രങ്ങള്‍ ഇന്ത്യയുടെ ദൈന്യതയുടെ കൂടിയാണ്. ബലാല്‍സംഗങ്ങളുടെ കണക്ക് രാജ്യത്തിന്റെ പുരോഗതിയായി കാണുന്നവര്‍ ഭരിക്കുന്ന ഏതുപരിസരങ്ങളിലും ഒരു ചേതനയല്ല നൂറ് നൂറ് ചേതനമാര്‍ മാനം കാക്കാന്‍ കാവലുണ്ടാകുമെന്ന ചരിത്രനിമിഷം മരിക്കാറായ ഡിസംബറില്‍ നമ്മള്‍ കണ്ടതാണ്. അത്തരം പോരാട്ടങ്ങള്‍ക്ക് ആരാച്ചാര്‍ പ്രചോദനമാവുന്നെങ്കില്‍ സ്വപ്നയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ അധികാരത്തിന്റെ എല്ലാ മര്‍ദ്ദനോപകരങ്ങളേയും നമുക്ക് പിച്ചിച്ചീന്താം.

 

 

Tags: