ജഡ്ജായി രഞ്ജിനി

Saturday, December 29, 2012 12:00:00 AM

Text Size    

ചാനല്‍ വിചാരം - ജെബിന്‍ ജോസഫ്

സാധാരണക്കാരുടെ ഗോമ്പറ്റീഷന്‍ ഐറ്റങ്ങള്‍ മടത്തുതുടങ്ങിയത് ചാനലുകാര്‍ക്കാണോ പ്രേക്ഷകര്‍ക്കാണോ എന്നറിയില്ല. ഇപ്പോള്‍ താരങ്ങള്‍ തന്നെ പരസ്പരം മത്സരിക്കുന്ന പ്രോഗ്രാമുകള്‍ക്കാണ് ചാനലുകളില്‍ മുന്‍ഗണന. പേരിനൊരു സീരിയലിലെങ്കിലും അഭിനയിച്ചാല്‍ മതി മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ പ്രേക്ഷക പ്രീതിയും കിട്ടും ഒപ്പം താരമായിപ്പോയതോണ്ട് ഭേദപ്പെട്ട പ്രതിഫലവും.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്ന മട്ടില്‍ ഇങ്ങനെ താരങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെച്ച് ആരംഭിച്ച് സാമാന്യം ഭേദപ്പെട്ട പ്രേക്ഷക പ്രീതി നേടിയ പരിപാടിയാണ് കൈരളിയുടെ താരോത്സവം. ഏതാണ്ട് അതേ വഴിയില്‍ താരങ്ങള്‍ക്ക് കൂടുതലും മിനിസ്‌ക്രീന്‍ അവതാരങ്ങള്‍ക്ക് പയറ്റിതെളിയാന്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ പ്രോഗ്രാമാണ് സുന്ദരി നീയും സുന്ദരന്‍ ഞാനും.
ഐഡിയ സ്റ്റാര്‍ സിംഗര്‍ നീണ്ട ആറു വര്‍ഷത്തിനു ശേഷം അകാലചരമ മടഞ്ഞ സ്ഥലത്തും സമയത്തുമാണ് പുത്തന്‍ പ്രോഗ്രാമിന്റെ ജനന മഹാമഹം. വെറുതെ അല്ല ഭാര്യക്കും മറ്റും ലഭിച്ച കുടുംബ പ്രേക്ഷകരുടെ അത്ഭുതകരമായ പിന്തുണയും ഏഷ്യാനെറ്റിന്റെ ഈ പുതിയ റിയാലിറ്റിഷോക്കു പുറകിലുണ്ട്. അതിലെ ചില തുറുപ്പുചീട്ടുകള്‍ ഇതിലും പ്രതീക്ഷിക്കാമെന്നാണ് ഊഹാപോഹങ്ങള്‍. റിമാ കല്ലിങ്കലിനെ മിടുക്കി എന്ന പുത്തന്‍ റിയാലിറ്റിഷോക്കായി മഴവില്‍ തട്ടിയെടുത്തപ്പോള്‍ റിമയുടെ അതേകാലത്ത് നായികയായി അവതരിച്ച അര്‍ച്ചന കവിയിലാണ് ഏഷ്യാനെറ്റിന്റെ നറുക്ക് വീണത്. പക്ഷേ റിമയെപ്പോലെ അവതാരിക റോ ളില്‍ ശോഭിക്കാന്‍ അര്‍ച്ചനകവിക്കാകുമോ കാത്തിരിക്കുകയേ വഴിയുള്ളൂ. പക്ഷേ രസകരമായ വിശേഷം ഇതൊന്നുമല്ല കെപിഎസി ലളിതക്കും കനിഹക്കുമൊപ്പം വിധിനിര്‍ണ്ണയം പീഠത്തിലെ മൂന്നാമത്തെയാള്‍ സാക്ഷാല്‍ രഞ്ജനി ഹരിദാസാണ്. അവതാരികയായി കുറേക്കാലം ഏഷ്യാനെറ്റിലെ ശമ്പളം വാങ്ങിയതല്ലേന്നു വെച്ച് മറ്റൊരു ചാനല്‍ നോക്കാനൊന്നും രഞ്ജനി മിനക്കെടുന്നില്ല. ജ്ഡ്ജി യെങ്കില്‍ ജഡ്ജി, വക്കീലെങ്കില്‍ വക്കീല്‍ കുറേകാലം കുറേ പാട്ട് ജഡ്ജിമാരുടെ വിധി നിര്‍ണ്ണയ വാചകക്കസര്‍ത്തുകള്‍ നേരിട്ടനുഭവിച്ചതല്ലേ ഇനിയിപ്പോ തനിക്കും ഒരു കൈനോക്കിയാലെന്താ എന്നായിരിക്കും രഞ്ജിനിയുടെ വിചാരം. ഏഷ്യാനെറ്റിലെ സീനിയര്‍ പ്രൊഡ്യൂസറായ കെ.വി.ശശികുമാറാണ് ഈ പ്രോഗ്രാമിന്റെ സംവിധായകന്‍. മഞ്ച് ഡാന്‍സ് ഡാന്‍സ് പോലെ ഈ പ്രോഗ്രാമും സൂപ്പര്‍ഹിറ്റാക്കുവാന്‍ ശശികുമാറിനാകുമോ? കാലം തെളിയിക്കട്ടെ.

 ♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഗൃഹാതുരതയുണര്‍ത്തുന്ന അറുപതുകളിലെയും എഴുപതുകളിലെയും പാട്ടുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി അമൃത ടിവിയില്‍ പ്രേക്ഷകപ്രശംസ നേടിക്കൊണ്ടിരിക്കുന്ന സംഗീത പരിപാടിയാണ് സ്വര്‍ണ്ണച്ചാമരം. ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെയായി സംപ്രേഷണം തുടരുന്ന ഈ പ്രോഗ്രാമിന്റെ അവതരണം പ്രശസ്തഗായകന്‍ കൃഷ്ണചന്ദ്രനാണ.് പാട്ടുകളുടെ ആത്മാവ് അറിഞ്ഞ് അവതരിപ്പിക്കുവാന്‍ പ്രത്യേകമായൊരു കഴിവ് തന്നെ കൃഷ്ണചന്ദ്രന്‍ പുലര്‍ത്തുന്നതിനാല്‍ ഈ പ്രോഗ്രാം ഇനിയുമേറെക്കാലം വിജയകരമായി സംപ്രേഷണം തുടരുമെന്നുറപ്പാണ്. മംഗ്ലീഷ് അവതാരകരില്‍ നിന്നും വ്യത്യസ്തമായി ശുദ്ധമലയാളം സംസാരിക്കുന്ന അപൂര്‍വ്വം സംഗീതപരിപാടികളിലൊന്നു കൂടിയാണ് സ്വര്‍ണ്ണച്ചാമരം. പാട്ടുകളുടെ തിരഞ്ഞെടുപ്പിലും അണിയറപ്രവര്‍ത്തകരുടെ വിവരശേഖരണത്തിലും തുടങ്ങി മൊണ്ടാഷുകളില്‍ വരെ മികച്ച നിലവാരം പുലര്‍ത്തുന്ന ഈ പ്രോഗ്രാമിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം അമൃതക്കും അഭിനന്ദനങ്ങള്‍.

 ♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦


നിരവധി ഡാന്‍സ് റിയാലിറ്റി ഷോകള്‍ നമ്മുടെ ചാനലുകളിലുണ്ട്. പലതും പതിനഞ്ചുവയസിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി. പക്ഷേ ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വസ്ത്രാധാരണം ഐറ്റം ഡാന്‍സ് കളിക്കുന്ന നടികളുടേതിനേക്കാള്‍ കഷ്ടമാണിപ്പോള്‍. പാട്ടിനനുസരിച്ചുള്ള കോസ്റ്റ്യൂം ധരിക്കുക എന്ന ബാധ്യത മൂലമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞൊഴിയുന്നവരുമുണ്ട് ചാനലുകളില്‍. പക്ഷേ അങ്ങനെ യാണെങ്കില്‍ ബാല്യം വിടാത്തവരും കൗമാരക്കാരുമായ കുട്ടികള്‍ക്ക് നാണം മറക്കാന്‍ തികയാത്ത വസ്ത്രാധാരണം ആവശ്യപ്പെടുന്ന പാട്ടുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ആരാണ് അവര്‍ ഒരിക്കലും കുട്ടികളാവാന്‍ വഴിയില്ല.
ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ എന്ന പാട്ടുപാടുന്ന കുട്ടിക്കറിയില്ലല്ലോ തൊട്ടടുത്ത വീട്ടിലെ പയ്യനെ ഈ പാട്ടുപാടി വിളിക്കുന്ന സിനിമയിലെ നായികയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. പല ഡാന്‍സിലും സിനിമയിലെ അതേ കോസ്റ്റ്യൂം തന്നെ ഈ പിഞ്ചുമത്സരാര്‍ത്ഥികള്‍ക്കും നല്‍കപ്പെടുന്നു. മൈഥിലിയും ലാലേട്ടനും സിഗരറ്റ് വലിച്ച പോസ്റ്റര്‍ സ്‌കൂളിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് കേസെടുക്കാന്‍ തിടുക്കം കാണിച്ച അധികാരികള്‍ ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ശ്രദ്ധ പുലര്‍ത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കുട്ടികളുടെ ഐറ്റം ഡാന്‍സ് മത്സരങ്ങള്‍ മിനിസ്‌ക്രീനില്‍ തുടരണമോ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും ഒപ്പം ഇത്തരം ഷോകളുടെ അണിയറക്കാരും ചാനല്‍ ഭേദമെന്യേ ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുതന്നെയാണ്.

 

Tags: