സിനിമാഡയറി 650 വിദൂഷകന് വിഷയദാരിദ്ര്യം തന്നെ

Friday, December 28, 2012 12:00:00 AM

Text Size    

ചാനല്‍ വിചാരം - 

ജെബിന്‍ ജോസഫ്

ചാനല്‍ പ്രളയം വന്നതോടെ പത്രമാധ്യമങ്ങള്‍ വഴിയുള്ള സിനിമാ പരസ്യങ്ങള്‍ അപൂര്‍വ്വമായി തുടങ്ങി. അഭിമുഖങ്ങളായും പാട്ടുകളായും ക്ലിപ്പിംഗ്‌സുകളായും സര്‍വ്വോപപരി ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കുകള്‍ വഴിയും സ്വന്തം സിനിമയുടെ തകര്‍പ്പന്‍ പ്രചാരണം സാധ്യമാണെന്നിരിക്കെ ദിനപത്രങ്ങള്‍ വഴി സിനിമാപ്രചരണത്തിന് കൂടുതല്‍ കാശിറക്കുന്നത് മണ്ടത്തരമായി തോന്നിയിട്ടുണ്ടാകും നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക്.
റിലീസ് തിയ്യതി ഏതു തിയ്യര്‍ ഏതു ഷോ എന്നറിയാന്‍ പത്ര പരസ്യം മാത്രം ശരണം. ഇക്കാര്യങ്ങള്‍ ടിവി ചാനലുകളിലെ മിക്ക സിനിമാധിഷ്ഠിത പരിപാടികളുടേയും അണിയറക്കാര്‍ ശ്രദ്ധിക്കാറില്ല.
ടെലിവിഷന്‍ പ്രോഗ്രാമുകളുടെ പ്രളയത്തിനിടയില്‍ അവതരണത്തിലും ഉള്ളടക്കത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നൊരു പ്രോഗ്രാമാണ് ഏഷ്യാനെറ്റിലെ സിനിമാ ഡയറി. സിനിമാല സരിഗമ കണ്ണാടി എന്നിവ പോലെ ഏഷ്യാനെറ്റിലെയും അതു കൊണ്ടുതന്നെ മലയാള ടെലിവിഷന്‍ ചരിത്രത്തിലെയും ഏറ്റവും പഴക്കമുള്ള പരിപാടികളിലൊന്ന കൂടിയാണ് സിനിമാ ഡയറി. പുതിയ ചിത്രങ്ങളുടെ ചിത്രീകരണ വിശേഷങ്ങളും റിലീസ് ചിത്രങ്ങളുടെ കൗതുകങ്ങളും പ്രേക്ഷകരോടു പങ്കുവെക്കുന്ന സിനിമാ ഡയറിയുടെ ഇപ്പോഴത്തെ സംവിധായകന്‍ നിരവിധി സിനിമാധിഷ്ഠിത പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സതീഷ് അമരവിളയാണ്. ഇതിനോടകം 650 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം തൊണ്ണൂറുകളുടെ ആദ്യപകുതി മുതല്‍ ഏഷ്യാനെറ്റിന്റെ അഭിമാനമാണ്. സ്‌നേഹവീട് എന്ന സത്യന്‍-ലാല്‍ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അരുന്ധതിയാണ് സിനിമാഡയറിയുടെ ഇപ്പോഴത്തെ അവതാരിക.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

പൊളിട്രിക്‌സ് തിരുവാ എതിര്‍വാ ഡെമോക്രസി വാരാന്ത്യം തുടങ്ങിയ സമകാലീന രാഷ്ട്രീയ ആക്ഷേപ ഹാസ്യ പ്രോഗ്രാമുകളുടെ ഉള്ളടക്കവുമായ് പ്രേക്ഷകര്‍ക്കു മുന്നില്‍ ജീവന്‍ ടിവി വിളമ്പി വയ്ക്കുന്ന വിരസ വിഭവമാണ് വിദൂഷകന്‍. പഴയ രാജപ്പാര്‍ട്ട് സിനിമകളിലെ കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന വിധത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അവതാരകന് പക്ഷേ വേഷത്തിലെ കൗതുകത്തിനപ്പുറം പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ ഉദാസീനതയും വിദൂഷകന്റെ പരാജയത്തിന് മറ്റൊരു കാരണമാണ്. എഡിറ്റിംഗ് സാങ്കേതങ്ങള്‍ ഉപയോഗിച്ചുതുകൊണ്ടു മാത്രമല്ല ജയശങ്കറിന്റെ വാരാന്ത്യവും ജയമോഹന്‍ നായരുടെ തിരുവാ എതിര്‍വായും ജോര്‍ജ് പുളിക്കന്‍ അവതരിപ്പിക്കുന്ന പൊളിട്രിക്‌സുമൊക്കെ ഇത്രവലിയ ഹിറ്റുകളായി മാറിയത്. അവതാരകന്റെ സവിശേഷമായ ശൈലിയും ഒപ്പം വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അപഗ്രഥിക്കുന്നതിലും ആവശ്യമാണെങ്കില്‍ അര്‍ഹമായ വിധത്തില്‍ പരിഹസിക്കുന്നതിലും പുലര്‍ത്തിയ ശ്രദ്ധകൊണ്ടു കൂടിയാണ്. ഈ പ്രോഗ്രാമുകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ വിദൂഷകന് ഫാന്‍സി ഡ്രസ് കടക്കാര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നത് ഒഴിവാക്കാവുന്നതേയുള്ളൂ.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ അപരിചിത വിഭവങ്ങളെ പിരചയപ്പെടുത്തുന്ന കുക്കറി ഷോകള്‍ക്ക് ബദലാവുകയാണ് അമൃതയിലെ തട്ടുകട എന്ന പ്രോഗ്രാം. മുന്‍ കൂട്ടി അറിയിച്ചശേഷം ചിത്രീകരണത്തിനെത്തുന്ന ചാനലുകാര്‍ക്കു മുനില്‍ ഒള്ളതും ഇല്ലാത്തതും പൊലിപ്പിച്ച് കാണിച്ച് വേണ്ടിവന്നാല്‍ ആ പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍ഷിപ്പും ചെയ്യുന്ന ഫൈവ്സ്റ്റാര്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകളും സാധാരണക്കാരന്റെ ആശ്രയമായ ഒള്ളത് ഒള്ളത് പോലെ കാണിക്കുന്ന തട്ടുകട ചിത്രീകരണവും തമ്മില്‍ താരതമ്യത്തിന് പ്രസക്തി യില്ലെങ്കിലും നാടന്‍ രുചിക്കൂട്ടുകളിലൂടെ പ്രേക്ഷകന്റെ നാവില്‍ വെള്ളമൂറിക്കാനാവുന്നത് പരിപാടിയുടെ വിജയം തന്നെ.

 

Tags: