അതിജീവനം

Friday, December 28, 2012 12:00:00 AM

Text Size    

പുസ്തകപ്പുര -എ.വി.ശശി 

വില-175 ഡി.സി.ബുക്‌സ്‌

 

സ്വയം നിര്‍മ്മിക്കുവാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും എളുപ്പമാവുന്നകാര്യമല്ല. ബാല്യവും കൗമാരവും നഷ്ടപ്പെടുകയും അപ്പോഴൊക്കെ ജീവിതഭാരമേല്‍ക്കുകയും യൗവ്വനം പടിയിറങ്ങുന്ന സമയത്ത് പ്രണയം കടന്നു വരികയും ചെയ്ത ഒരമ്മയാണ് ഭാഗ്യലക്ഷ്മി. ചില പേരുകള്‍ അവരറിയാതെതന്നെ അവരുടെ വ്യക്തിത്വത്തെ ആളുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും. ശബ്ദ വിസ്മയം കൊണ്ട് മനസ് കീഴടക്കിയ അതുല്യ പ്രതിഭയാണ് ഭാഗ്യലക്ഷ്മി. അവരുടെ ബാല്യകൗമാരയൗവനങ്ങളെല്ലാം അതിജീവനത്തിന്റേതായിരുന്നു. സ്‌കൂളിന്റെ നാലുചുമരുകള്‍ക്കുപുറത്തു നിന്നാണ് വിദ്യയും അഭ്യാസവുമെല്ലാം പഠിച്ചത്. അവര്‍ ജീവിക്കാന്‍ ശരിക്കും തുടങ്ങുന്നത് അവരുടെ മദ്ധ്യവയസിലാണ്. ഈ ഒരതിജീവനം അവര്‍ക്കുനല്‍കിയ കരുത്ത് വളരെ വലുതായിരുന്നു. ആകരുത്ത് തന്നെയാവാം ശബ്ദമായി അവരില്‍ നിന്നും വൈദ്യുതിപോലെ പ്രവഹിക്കുന്നതും.
ആര്‍ക്കും അസൂയതോന്നുന്ന ആ ശബ്ദ ഭംഗി അവരുടെ ഓരോ വളര്‍ച്ചയിലും പച്ച തണലായി ജീവിതത്തിന് നിറം നല്‍കുന്നു. അദ്ധ്വാനത്തേയും അതില്‍ നിന്നും കിട്ടുന്ന സംതൃപ്തിയേയും കുറിച്ച് അവര്‍ പറയുന്നതിങ്ങനെയാണ്. മനുഷ്യന് ജീവിക്കാന്‍ കോടികള്‍ വേണ്ട. സമാധാനവും സന്തോഷവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും മാത്രം മതി എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത്രയും സിനിമകള്‍ ചെയ്തു സമ്പാദിക്കുമ്പോഴും സ്വര്‍ണ്ണം വാങ്ങാനോ ആഡംബര വസ്തുക്കള്‍ വാങ്ങാനോ സ്വത്ത് സമ്പാദിക്കാനോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. സമാധാനവും സന്തോഷവും അതെനിക്ക് ഒരിക്കലും ആ വീട്ടില്‍ നിന്ന് കിട്ടിയിട്ടില്ല. പെണ്ണിന്റെ കരുത്ത് എന്തായിരിക്കണമെന്നും ജീവിതത്തെ എങ്ങിനെ നോക്കിക്കാണണമെന്നും ഈ ആത്മകഥ പറയുന്നു. അതേ സമയം പുരപ്പുറത്തുകയറി വിവസ്ത്രയാവുകയല്ല ആത്മകഥ എന്നു കൂടി പറയുന്നുണ്ട്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും മഹാനടന്‍ (തൊഴിലിനെ പരിഹസിച്ചു) എന്നും സൂചനകള്‍ മാത്രം നല്‍കുന്നേയുള്ളൂ. എന്നാല്‍ പുതിയകാലത്ത് മലയാള സിനിമയുടെ പൊള്ളത്തരങ്ങള്‍ കൂടി കൃത്യമായറിയുന്ന അവര്‍ക്ക് അതുകുറച്ചുകൂടി വെളിപ്പെടുത്താമായിരുന്നു. അങ്ങിനെ വന്നെങ്കിലത് മലയാള സിനിമയുടെ കൂടി ജീവിത ചിത്രമായേനേ.

 

 

Tags: