കോരപ്പുല്ലിന്റെ മാധുര്യം പോലെ

Friday, December 28, 2012 12:00:00 AM

Text Size    

ലോകസിനിമാ ജാലകം

ഡോ. അരവിന്ദന്‍ വല്ലച്ചിറ

 

വിശ്വപ്രശസ്ത പോളിഷ് സംവിധായകനാണ് ആന്ദ്രെ വയ്ദ. കലയില്‍ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രഖ്യാപിച്ച വയ്ദ തന്റെ സൃഷ്ടികളിലൂടെ അന്യമായിക്കൊണ്ടിരിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ചും ദേശീയ സംസാകാരത്തിന്റെ അധപതനത്തെകുറിച്ചും ലോകത്തോട് സംവദിച്ചു. ദ ജനറേഷന്‍(1954), ദ കനാല്‍ (1956), ആഷസ് ആന്റ് ഡയമന്റ് (1958), മാന്‍ ഓഫ് മാര്‍ബിള്‍ (1977), മാന്‍ ഓഫ് അയണ്‍ (1958) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍. 'ഡബ്ബിള്‍ വിഷന്‍ മൈ ലൈഫ് ഇന്‍ ഫിലിം' എന്നാണ് തന്റെ ആത്മകഥയ്ക്ക് അദ്ദേഹം നല്‍കിയിരുന്ന പേര്. മഹാനായ ഈ ചലചിത്രകാരന്റെ പുതിയ ചിത്രമാണ് 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ 'സ്വീറ്റ് റഷ്'(Sweet Rush). വിഹ്വലമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ അന്വേഷണമാണി ചിത്രം.
ജറോസ്‌ലോ ഇവാന്‍സ്‌കിവിസിന്റെ രചനകളെ ആധാരമാക്കി വയ്ദ നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണ് സ്വീറ്റ് റഷ്. ചലചിത്രപരമായ സൗന്ദര്യങ്ങളും ദര്‍ശനങ്ങളും പ്രകടമാകുന്നുണ്ടെങ്കിലും വൈകാരികമായ ചില ഘടകങ്ങള്‍ സംവിധായകന്റെ കയ്യില്‍ നിന്ന് ചോര്‍ന്നു പോകുന്നതായി ചില നിരൂപകര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. എങ്കിലും വയ്ദയുടെ ധൈഷണിക പ്രഭാവം പ്രകടമാക്കുന്ന ചിത്രമാണിത്. യുദ്ധാനന്തര കാലഘട്ടത്തില്‍ ജീവിക്കുന്ന തന്റെ ഗതകാല ഗൃഹാതുരതകള്‍ പിന്‍തുടരുന്ന മാര്‍ത്തയെന്ന മദ്ധ്യവയസ്‌ക്കയായ ഒരു സ്ത്രീയുടെ കഥ പറയുന്ന ചിത്രമാണ് സ്വീറ്റ് റഷ്.
തന്റെ ഡോക്ടറായ ഭര്‍ത്താവുമായുള്ള ബന്ധം സ്‌നേഹമസൃണമാണെങ്കിലും മനസുകൊണ്ട് അകാലങ്ങളില്‍ ജീവിക്കുന്നവരാണവര്‍ മാര്‍ത്ത ശ്വാസകോശാര്‍ബുധം ബാധിച്ചവളാണെന്നും ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയാത്തവിധം ഗുരുതരമാണ് രോഗം എന്നും ഡോക്ടര്‍ക്കറിയാം. യുദ്ധത്തില്‍ മരിച്ചുപോയ തന്റെ രണ്ട് മക്കളെയോര്‍ത്തുള്ള നഷ്ടബോധത്തില്‍ കഴിയുന്ന മാര്‍ത്തയ്ക്ക് തന്റെ രോഗാവസ്ഥ മറ്റൊരു തിരിച്ചടിയാകുന്നു. ജീവിതം വല്ലാത്ത മുരടിപ്പിന്റെ വക്കിലെത്തി നില്‍ക്കുന്നുവെന്നറിയുന്ന മാര്‍ത്തയുടെ മനസില്‍ ഒരു പ്രത്യാശയുണരുന്നത് 20 വയസുക്കാരനായ ബോഗ്‌സലായെ പരിചയപ്പെട്ടതിനുശേഷമാണ്. ഇവരുടെ അടുപ്പം ക്രമേണ പ്രണയാതുരമായ അവസ്ഥയിലേക്കും ശാരീരികബന്ധത്തിലേക്കും വരെ വഴിത്തിരിയുന്നു.
ശരത്കാലത്തില്‍ നിന്ന് വേനലിലേക്കുള്ള ഋതുമാറ്റം ഒരു അനുഷ്ടാനമാക്കി ജീവിതത്തിന്റെ ആഘോഷമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാര്‍ത്ത സദ്യയൊരുക്കാന്‍ മധുരമുള്ള കോരപ്പുല്ല് ശേഖരിക്കുന്നു. കോരപ്പുല്ലിനെപ്പറ്റി ഇവാന്‍സ്‌കിവിസിന്റെ കഥയില്‍ പറയുന്നത് തനത് രൂപത്തില്‍ ഇതിന് ജീവിക്കുന്ന പ്രകൃതിയുടെ സുഗന്ധമാണ്. എന്നാല്‍ ഈ ചെടി ചതച്ചരച്ചാല്‍ എക്കല്‍ മണ്ണിന്റെയും മരണത്തിന്റെയും ഗന്ധം പ്രസരിക്കുന്നുവെന്നാണ്.
ചിത്രത്തിന്റെ പ്രധാന പ്രമേയവുമായി ഇഴചേര്‍ക്കാന്‍ വയ്ദ ഒട്ടേറെ മാനുഷിക ഭാവങ്ങള്‍ ചേര്‍ത്തുവെയ്ക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയ, ലൈംഗികത, മരണം തുടങ്ങി വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ തലങ്ങള്‍ സമന്വയിക്കുമ്പോള്‍ ചിത്രത്തിന്റെ ഭാവാത്മകത പൂര്‍ണ്ണമാകുന്നു.
ചിത്രത്തിലെ മനോഹരമായ രംഗങ്ങളിലൊന്നാണ് ഹോട്ടല്‍ മുറിയില്‍ കഴിയുന്ന മാര്‍ത്തയുടെ ആത്മസംഭാഷണ ദൃശ്യം. ഇരുണ്ട വെളിച്ചത്തില്‍ ആവിഷ്‌കരിക്കുന്ന ഈ ദൃശ്യം എഡ്വേര്‍ഡ് ഹോപ്പറുടെ പെയിന്റിങ്ങിനെ അനുസ്മരിപ്പിക്കുന്നു. ഈ രംഗത്ത് ക്യാമറ പൂര്‍ണ്ണമായും നിശ്ചലമാണ്. ജനലിലൂടെ കടന്നു വരുന്ന നേരിയ ക്രിതൃമ പ്രകാശം മാര്‍ത്തയുടെ ആത്മഭാഷണങ്ങളില്‍ തന്റെ രോഗാവസ്ഥയെപ്പറ്റിയും അത് സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളെപ്പറ്റിയുമുള്ള സൂചനകളുണ്ട്. നിത്യരോഗിയായി ഏകാന്തതയില്‍ അഭയം തേടേണ്ടി വരുന്ന ഒരു സ്ത്രീയുടെ ആത്മരോധനം ഈ വാക്കുകളില്‍ നമുക്ക് വായിച്ചെടുക്കാം. ഈ രംഗത്ത് വായ്ദ പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതം പോലും ഹൃദയസ്പര്‍ശിയായി മാറുന്നു. വയ്ദയെ പ്രതിഭാധനനായ സംവിധായകന്‍ ചലച്ചിത്രലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് സ്വീറ്റ് റഷ് എന്ന ചിത്രം.
മൈക്കല്‍ ക്വിസിന്‍സ്‌കി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സംവിധായകനായ ആന്ദ്രെ വയ്ദ തന്നെയാണ്. ഛായാഗ്രഹണം പവ്വല്‍ എഡല്‍മാനും എഡിറ്റിങ്ങ് മിലേനിയ ഫീഡ്‌ലറും നിര്‍വ്വഹിച്ചു. ക്രിസ്റ്റിന ജന്‍ഡ (മാര്‍ത്ത), പവ്വല്‍ സജ്ദ (ബോഗസ്‌ലാ), ജാന്‍ എന്‍ഗ്‌ളെര്‍ട്ട് (ഡോക്ടര്‍), ജൂലിയ പെട്രൂഷ (ഹലിന്‍ക), ക്രിസ്റ്റോഫ് സ്‌കോണിഡ്‌നി (സ്‌റൊസീക്) തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 85 മിനിറ്റാണ് ചിത്രത്തിന്റെ പ്രദര്‍ശന സമയം. 2009 ഫെബ്രുവരി 12-ാം തിയതി ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തില്‍ സ്വീറ്റ് റഷ് പ്രദര്‍ശിപ്പിച്ചിരുന്നു.
ചലച്ചിത്രാസ്വാദകര്‍ക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം പകര്‍ന്നു നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും.

 

Tags: