കര്‍ഷകമിത്രം ഇനി എല്ലാവരുടേയും

Friday, December 28, 2012 12:00:00 AM

Text Size    

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ഷിക മേഖലയിലെ സജീവ ചര്‍ച്ചാവിഷയം ആണ് ജൈവവളങ്ങളും കീടനാശിനികളും. മാധ്യമങ്ങളിലൂടെ രാസവളപ്രയോഗങ്ങളുടെ ഭീകരത സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചതോടെ 'ജൈവകൃഷി' ഏറ്റവും മുന്തിയ വില്‍പന തന്ത്രം വരെ ആയി. ഇത്തരത്തില്‍ പല ഉല്‍പന്നങ്ങളും 'നാടന്‍' ബ്രാന്റില്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. ജൈവവളമെന്ന പേരില്‍ തന്നെ വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഈ മേഖലയില്‍ ഏറ്റവും കൂടുതലായി കേള്‍ക്കുന്നത് മണ്ണിരക്കമ്പോസ്റ്റ് തന്നെയാണ്. മണ്ണിര കമ്പോസ്റ്റിന്റെ നിര്‍മ്മിതിയും അതിന്റെ സവിശേഷതകളും ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണ്. മണ്ണിര കമ്പോസ്റ്റിനെകുറിച്ച് പ്രാഥമികമായ ചില അറിവുകള്‍ പങ്ക് വെക്കുകയാണിവിടെ. 
മണ്‍തരിയെ അതിന്റെ രാസ-ജൈവ ഭാവങ്ങളോടെ നിലനിര്‍ത്തുന്നത് ഹ്യുമസ് എന്ന പദാര്‍ത്ഥമാണ്. ഇത് ജൈവാവിശിഷ്ടങ്ങളില്‍ നിന്നുമാണ് മണ്ണിന് ലഭിക്കുന്നത്. ഇത്തരത്തില്‍ ഹ്യുമസ് മണ്ണില്‍ ലയിക്കുന്ന പ്രക്രിയതന്നെയാണ് മണ്ണിര കമ്പോസ്റ്റിലും നടക്കുന്നത്. ഭൂമിയില്‍ 3000 ഇനത്തില്‍പരം മണ്ണിരകളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മണ്ണും മറ്റ് സൂക്ഷ്മപദാര്‍ത്ഥങ്ങളും ഒരു പോലെ ഭക്ഷിക്കുന്ന മണ്ണിരകളുടെ ശരീരത്തിനകത്ത് വെച്ച് സൂക്ഷമ ജീവികളുടെ സഹായത്തോടെ ഇവ അരക്കപ്പെടുന്നു. ഇതില്‍ നിന്നും മണ്ണിര അതിനാവശ്യമായ പോഷകം സ്വീകരിച്ച് ശേഷിക്കുന്നവ വിസര്‍ജിക്കുന്നു. ഇതില്‍ ജീവാണുക്കള്‍, എന്‍സൈമുകള്‍, ഹോര്‍മോണ്‍ ആന്റിബയോട്ടിക് എന്നിവ കൂടി ചേര്‍ന്നിരിക്കുന്നു. ഇതാണ് നമ്മള്‍ അറിയുന്ന മണ്ണിര കമ്പോസ്റ്റ്. പ്രകൃത്യാലുള്ള ഈ പ്രക്രിയ അനുകൂല അന്തരീക്ഷം ഒരുക്കി മണ്ണിരകളുടെ സഹായത്തോടെ കൂടിയതോതില്‍ നടത്തുന്നതാണ് കമ്പോസ്റ്റ് നിര്‍മ്മാണം. ഇതിനായി മണ്ണിന്റെ ഉപരിതലത്തില്‍ കണ്ടു വരുന്ന മണ്ണിരകളെ ഉപയോഗിക്കാവുന്നതാണ്.
12x12x18 ഇഞ്ച് വലുപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക് പാത്രമോ, മരച്ചട്ടിയോ ഇതിനായി ഉപയോഗിക്കാം. മരം ആണെങ്കില്‍ ഉപരിതലത്തില്‍ സുക്ഷിരങ്ങളോടുകൂടിയ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. പെട്ടിയുടെ താഴത്തേ ഭാഗത്തില്‍ ആദ്യത്തെ 3 സെ.മി. കനത്തില്‍ പൊടി മണലും തുടര്‍ന്ന് 5 സെ.മി ചകിരിയും നിറക്കുക. ഇതിനു മുകളില്‍ ചാണകമോ, കമ്പോസ്റ്റോ വിതറി മണ്ണിരയെ നിക്ഷേപിക്കുക. ചാക്ക് കൊണ്ട് പെട്ടിമൂടി, സൂര്യ പ്രകാശം നേരിട്ട് അടിക്കുന്നത് തടയണം. അടുക്കളയിലെ അവശിഷ്ടം ഓരോ ദിവസവും ഇതില്‍ കുറശ്ശെ നിക്ഷേപിക്കണം നനവ് കൂടരുത്. കൂടുതലായാല്‍ കടലാസ് കഷ്ണങ്ങള്‍ ഇട്ട് ഈര്‍പ്പം വലിച്ചെടുക്കണം. കമ്പോസ്റ്റ് രൂപപ്പെട്ടാല്‍ ഒരാഴ്ചക്കാലം അങ്ങനെ തന്നെ നിലനിര്‍ത്തിയ ശേഷം സൂര്യപ്രകാശത്തിന് തഴെ കൂനകൂട്ടിയിടുക. സൂര്യപ്രകാശം അടിച്ചാല്‍ മണ്ണിരകള്‍ താഴേട്ട് മാറും. ഇതനുസരിച്ച് മുകള്‍ ഭാഗത്ത് നിന്ന് കമ്പോസ്റ്റ് ശേഖരിച്ച് മണ്ണിരകളെ വീണ്ടും ഉപയോഗിക്കാം.

 

 

Tags: കാര്‍ഷികം ,നാട്ടിന്‍പുറം