ഫ്‌ളാറ്റ് സംസ്‌കാരത്തിലെ ആശങ്കകള്‍

Friday, December 21, 2012 12:00:00 AM

Text Size    


ഇറ്റാലിയന്‍ സിനിമയില്‍ തന്റെ വേറിട്ട ചിത്രങ്ങളിലൂടെ വ്യക്തി മുദ്രപതിപ്പിച്ച സംവിധായകനാണ് ബര്‍നാഡോ ബര്‍ത്തലൂച്ചി. അദ്ദേഹത്തിന്റെ ലൂന എന്ന ചിത്രം വളരെയേറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച ചിത്രമാണ്. പ്രദര്‍ശിപ്പിച്ച സ്ഥലങ്ങളിലെല്ലാം വിവാദത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ലൂന ബര്‍ത്തലൂച്ചിയുടെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുകയും ചെയ്തു. അശ്ലീലത്തിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ് നഗ്നത, സ്വവര്‍ഗ്ഗ രതി എന്നിവ പച്ചയായി. എന്നാല്‍ കലാപരമായി ആവിഷ്‌കരിച്ച ചിത്രമാണ്.
ചൈനയിലെ അവസാന ചക്രവര്‍ത്തിയായിരുന്ന ഹെന്റി പ്യൂയിയെക്കുറിച്ച് ബര്‍ത്തലൂച്ചി നിര്‍മ്മിച്ച മനോഹരമായ ചിത്രമാണ് ലാസ്റ്റ് എംപറര്‍. 1987 ല്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ബര്‍ത്തലൂച്ചിയുടെ ഏറ്റവും പുതിയ ചിത്രമാണ് മി ആന്റ് യു 2012. ഇറ്റലിക്കാരനായ ബര്‍ത്തലൂച്ചി മറ്റ് രാഷ്ട്രങ്ങളില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇറ്റാലിയന്‍ ഭഷയില്‍ അദ്ദേഹം നിര്‍മ്മിച്ച ആദ്യത്തെ ചിത്രമാണ് മി ആന്റ് യു .
ലോകമെമ്പാടും, നമ്മുടെ കൊച്ചുകേരളത്തിലും ഫ്‌ളാറ്റുകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്‌ളാറ്റ് സംസ്‌കാരം നമ്മുടെ സാമൂഹ്യ ജീവിതത്തിനുമേല്‍ അധിനവേശം പോലെ പടര്‍ന്നു കയറിയിരിക്കുന്നു. ഫ്‌ളാറ്റ് സംസ്‌കാരിത്തിലേക്ക് സ്വയം ഒതുങ്ങികൂടിയ മനുഷ്യ ജീവിതങ്ങളുടെ ഇരുണ്ട ലോകങ്ങള്‍ തുറന്നു കാണിക്കാനുള്ള ശ്രമമാണ് ഈ ചിത്രം. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ വ്യക്തികളെ കൊണ്ടുചെന്നെത്തിക്കുന്നത് ഒറ്റപ്പെടലിന്റെ വിരഹാര്‍ത്തമായ ലോകത്താണ്. ഈ ഇരുണ്ട ലോകത്ത് ആരും പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. സ്വന്തമായ ഒരു ലോകം തീര്‍ത്ത് അതില്‍ സ്വയം ഒതുങ്ങി ചേരാനാണ് പലരും ശ്രമിക്കുന്നത്. ബന്ധങ്ങള്‍ മരുപ്പച്ചകളായി മാറുന്ന ഒരു ലോകമാണത്. ഏകാന്തതയുടെ വിരാഹാര്‍ത്തമായ ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സ്‌നേഹം തളിര്‍ക്കുന്നതിന്റെ പ്രത്യാശ നിറഞ്ഞ സൂചനകള്‍ ഈ ബര്‍ത്തലൂച്ചി ചിത്രം പ്രേക്ഷകന് നല്‍കുന്നു.
പതിനാലുകാരനും വികൃതിയുമായ ലോറന്‍സോ യാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സ്‌കൂളില്‍ പോകാന്‍ മടയുള്ളവനാണ് ലോറന്‍സോ. അമ്മയുടേയും മറ്റുള്ളവരുടെ ശ്വാസനകള്‍ക്കൊന്നും അവന്റെ മനസ് മാറ്റാനായില്ല. മനസുമടുത്ത അമ്മ മകനെ ഒരു മനശാസ്ത്രജ്ഞനെ കാണിക്കുന്നു. ലോറ ന്‍സോ അവന്റേതായ ഒരു ലോകത്ത് ജീവിക്കുന്നവനാണ്. അവന്റെ ബന്ധുവായ ഒളിവിയ, ലോറന്‍സോയുടെ ഇത്തരം ദുസ്വഭാവത്തെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നവാളാണ്. ഒരു ദിവസം സ്‌കൂളില്‍ നിന്ന് ഒളിച്ചോടിയ ലോറന്‍സോയ്ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കുന്നത് ഒളിവിയയാണ്. വിഹ്വലമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മി ആന്റ് യു. ദുരന്തമയമായ മനുഷ്യാവസ്ഥകളിലേക്ക് കടന്നുചെന്ന് അവ വിശകലനം ചെയ്യാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
മരിയോ ജിയോനാനി, ലോറന്‍സോ മിയേലി എന്നിവര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സംവിധായകനായ ബര്‍നാഡോ ബര്‍ത്തലൂച്ചിയും നിക്കോളോ അമ്മാനിറ്റിയും ചേര്‍ന്നാണ്. ടിയ ഫാല്‍കോ (ഒളിവിയ), ജാക്കപ്പോ ഓല്‍മോ ആന്റിനോരി (ലോറന്‍സോ), സോണിയ ബെര്‍ഗമാസ്‌കോ (ലോറന്‍സോ യുടെ മാതാവ്), പിപ്പോ ഡെല്‍ബോനോ, വെറോണിക്ക ലസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്‌സരേതര വിഭാഗത്തില്‍ 2012 മെയ് 22 നാണ് മി ആന്റ് യു ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഇറ്റലിയിലെ ചിത്രത്തിന്റെ പ്രദര്‍ശനം 2012 ഒക്‌ടോബര്‍ 26 നായിരുന്നു. ഗോവയില്‍ ഈ വര്‍ഷം നടന്ന ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മി ആന്റ് യു പ്രദര്‍ശിപ്പിക്കുകയുണ്ടായി. 103 മിനിറ്റാണ് ചിത്രത്തിന്റെ പ്രദര്‍ശന സമയം.
ഫാബിയോ സിയാന്‍ഷെറ്റിയുടെ ഛായാഗ്രഹണ വൈദഗ്ദ്യം ഈ ചിത്രത്തിന് അപൂര്‍വ്വമായൊരു ദൃശ്യചാരുത പകര്‍ന്നു നല്‍കുന്നു. കൃതഹസ്തനായ ഒരു ഛായാഗ്രാഹകന്റെ കലാപരവും ധൈഷണികവുമായ മനസ് നമുക്ക് ഈ ചിത്രത്തില്‍ കാണാനാവും. ചിത്രത്തിലെ ദൃശ്യങ്ങള്‍ മനോഹരമായി സന്നി വേശിപ്പിച്ച് ആസ്വാദ്യകരമായ നൈരന്തര്യം സൃഷ്ടിക്കാന്‍ എഡിറ്ററായ ജാക്കപ്പോ ക്വാഡ്രിക്കായിട്ടുണ്ട്. ഫ്രാങ്കോ പിയര്‍ സാന്റിയുടെ ശ്രവണ സുന്ദരമായ സംഗീതവും എടുത്തു പറയേണ്ടതാണ്.

 

Tags: