മരണത്തിന്റെ സൗന്ദര്യം

Friday, December 21, 2012 12:00:00 AM

Text Size    

പുസ്തകപ്പുര - എ.വി.ശശി
വില-315 ഗ്രീന്‍ബുക്‌സ്


വിശ്വസാഹിത്യത്തിന്റെ കൈകുമ്പിളിലേയ്ക്ക് വംഗഭാഷ സമര്‍പ്പിച്ചത് നിറയെ രത്‌നങ്ങളായിരുന്നു. വിഭൂതിഭൂഷണം താരാശങ്കര്‍ ബാനര്‍ജിയും ബിമല്‍മിത്രയും അങ്ങിനെയെത്രയെത്രപേരുകള്‍. ബംഗാളിനോവലുകള്‍ മുന്നോട്ടുവച്ച ജീവിതവീക്ഷണവും പ്രപഞ്ച ദര്‍ശനവും നവോത്ഥാനമൂല്യങ്ങളും പലപ്പോഴും കേരളീയ പരിസരവുമായി വളരെ അടുത്ത്. നമ്മെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന താരശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യ നികേതനം പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗ്രീന്‍ ബുക്‌സാണ്. പ്രൊഫ. എം.കെ.എന്‍.പോറ്റിയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

വാര്‍ധക്യത്തിലെത്തി ധാരാളം കണ്ടും കേട്ടുമിരുന്നവരോട് കലഹിക്കാതിരിക്കാന്‍ പറയുന്നതു തന്നെയാണ് ശരി. പുതിയ രീതികളെ ജീവന്‍ മശായി ഒരിക്കലും തള്ളികളയുന്നുമില്ല. നിഷേധത്തിനു പകരം വിവേകമാണു പ്രധാനം. ജനനത്തിനും മരണത്തിനു മിടയില്‍ കിട്ടുന്ന ചെറിയ സന്ദര്‍ഭങ്ങളാണ് ജീവിതം. ശരീരത്തിന്റെ കൂടെ മരണവും! അതുകൊണ്ടാണ് മശായി സ്വന്തം നാഡിപോലും പരിശോധിച്ച് മ്യത്യുവിന്റെ കാലൊച്ച കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നു പോലും ഒരവസരത്തില്‍ നോക്കുന്നു. ഈയിടെയായി മനസില്‍ ആഗ്രഹം പ്രബലമായിതീര്‍ന്നിരിക്കുന്നു. എല്ലാ ഇന്ദ്രീയങ്ങള്‍കൊണ്ടും പ്രത്യക്ഷമായി അനുഭവിക്കണം. രൂപം ഉണ്ടെങ്കില്‍ കാണണം. സ്പര്‍ശം, സ്വാദ് എല്ലാം പ്രത്യക്ഷമാകണം. തൊട്ടുനോക്കാന്‍ കഴിയുമെങ്കില്‍ തൊടണം. സംസാരിക്കാന്‍ കഴിയുമെങ്കില്‍ അവളോടൊന്നു സംസാരിക്കണം. അവള്‍... അവളാരായിരിക്കും? മരണം അത് സത്യമാണ്. മൃത്യു രണ്ട് കൈയും നീട്ടി ഒരുന്മാദിയേപ്പോലെ ഓടിയടുക്കും. തീ പിടിച്ചകാട്ടിലെ പക്ഷിമൃഗാദികളെപ്പോലെ മനുഷ്യര്‍ ഭയനോടുന്നു. മഹാ കഷ്ടം മനുഷ്യന്‍....................

മാതൃത്വത്തിന്റെ പവിത്രതയില്‍ ചിലപ്പോഴൊക്കെ രോഗകാഠിന്യങ്ങള്‍ സ്‌നിഗ്ദ്ധതയായ് മാറും. അശാന്തതയും അധൈര്യവും ശാന്തതയായ് മാറും. അമ്മയുടെ സ്‌നേഹത്തിന്റെയും കരുത്തിന്റെയും മുന്നില്‍ നമസ്‌കരിച്ച് ഓടിമറയും. കാലത്തിനു മുന്നില്‍ ജീവന്റെ മഹാശയനായ് മാറി മരണത്തില്‍ സൗന്ദര്യം ദര്‍ശിക്കുന്ന ഈ മഹത്തായ കൃതിക്കു മുന്നില്‍ നമുക്ക് ഒരു വിളക്കുകൂടി വെക്കാം.

 

Tags: