യവനികയ്ക്കപ്പുറത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍

Friday, December 21, 2012 12:00:00 AM

Text Size    

ചാനല്‍ വിചാരം - ജെബിന്‍ ജോസഫ്‌

പുതുമയുള്ള പരിപാടികള്‍ ദൂരദര്‍ശനില്‍ കണ്ടിട്ട് കാലം കുറെയായി. പണ്ട് ദൂരദര്‍ശന്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ട കാലത്ത് കണ്ടതല്ലാതെ, ചാനല്‍ പ്രളയത്തിനിടയില്‍ പറയത്തക്ക നിലവാരമുള്ള ഒരു പ്രോഗ്രാമും സാധാരണയായി ദൂരദര്‍ശനില്‍ കാണാറില്ല. എന്നാല്‍ അടുത്തയിടെ മികച്ച ചിലപ്രോഗ്രാമുകള്‍ ദൂരദര്‍ശനില്‍ കാണാന്‍ സാധിച്ചു. അതിലൊന്നാണ് യവനിക!

നാടകപ്രവര്‍ത്തകരുടെ ജീവിതവും കലാപ്രവര്‍ത്തനവുമാണ് ഈ പ്രോഗ്രാമില്‍ ദൃശ്യവത്കരിക്കുന്നത്. അമച്വറെന്നൊ, പ്രൊഫഷണലെന്നൊ ഭേദമില്ലാതെ കര്‍ട്ടനപ്പുറത്ത് അഭിനയത്തിന്റെ പുതുപാഠങ്ങള്‍ രചിക്കുന്ന ഇവര്‍ക്ക് പണ്ടുതൊട്ടേ ഗ്ലാമര്‍ പരിവേഷമില്ല. അതു കൊണ്ടു തന്നെ സീരിയലുകാര്‍ക്കും സിനിമക്കാര്‍ക്കും ലഭിക്കുന്ന പരിഗണനയോ പ്രതിഫലമോ സാധാരണയായി ഇവര്‍ക്ക് ലഭിക്കാറില്ല. വര്‍ഷങ്ങളായി പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഉഷ ഉദയമെന്ന അഭിനേത്രിയും നാടക സംവിധായികയുമായിരുന്നു പോയവാരം യവനികയില്‍. പ്രത്യേകം സെറ്റു ചെയ്ത സ്റ്റുഡിയോ ഫ്‌ളോറില്‍ ഉഷ ഉദയന്റെ പ്രശസ്ത നാടകങ്ങളിലെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഏകാംഗപ്രടകനങ്ങളായി ഒരുക്കി. അത് അവരുമായുള്ള അഭിമുഖത്തിനിടയില്‍ ഇടക്കിടെ സംപ്രേഷിച്ചാണ് യവനികക്കാര്‍ മിടുക്കുകാണിച്ചത്. ഇതിന് അവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.
വനിതാകമ്മീഷന്റെ പണി മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ ചാനലുകള്‍. അമൃതയിലെ കഥയല്ലത് ജീവിതമാണ് ഇക്കൂട്ടത്തില്‍ മുന്‍പില്‍. വിധുബാലയെന്ന എണ്‍പതുകളിലെയും എഴുപതുകളിലെയും അഭിനേത്രി അവതാരികയായി ഭേദപ്പെട്ട നിലവാരം കാഴ്ചവെക്കുന്ന ഈ പ്രോഗ്രാം തിങ്കള്‍ മുതല്‍ വ്യാഴം വരെ, നാലു ദിവസവും അത്ര തന്നെ പുന:സംപ്രേഷണങ്ങളും അമൃതയിലുണ്ട്.
സ്ലോമോഷനില്‍ അവരുടെ കണ്ണീര്‍തുള്ളികള്‍ ഉരുണ്ടു നിലത്തു വീഴുന്നതും, മുഖം കറുക്കുന്നതും മുഖം പൊത്തി ഏങ്ങലടിക്കുന്നതും തുടങ്ങി കരച്ചിലിന്റെ വകഭേദങ്ങള്‍, ക്ലോസും വൈഡും ലോ ആംഗിളുമൊക്കെയായി എല്ലാവര്‍ക്കും കാണാം ഈ പ്രോഗ്രാമിലൂടെ ലാവിഷായി! എന്തായാലും കഥയില്ലിത് ജീവിതത്തിന്റേയും അതിന്റെ മുന്‍ഗാമിയായ ഏഷ്യാനെറ്റില്‍ നടി ഷീല അവതരിപ്പിച്ചിരുന്ന ഞാന്‍ സ്ത്രീ യുടേയും വിജയത്തെ തുടര്‍ന്ന് ഇത്തരം നിരവധി പ്രോഗ്രാമുകള്‍ അണിയറയിലും അരങ്ങിലുമായി ഒരുങ്ങുന്നുണ്ട് മിക്ക ചാനലുകളിലും.
പുതിയ ചാനലുകളിലൊന്നായ ദര്‍ശന ഇതേ ശൈലിയില്‍ തുടങ്ങിയ പ്രോഗ്രാമാണ് കഥ ഇങ്ങനെ. പുതിയ ചാനലായതിനാല്‍ പഴയതും പുതിയതുമായ അഭിനേത്രികളെ അവതാരകരായോ ജഡ്ജായോ തപ്പാനൊന്നും മിനക്കെട്ടില്ല. സാമ്പത്തിക കാരണങ്ങളാകാം കാരണം. പിന്നെ കണ്ണീര്‍ കണ്ടാല്‍ പോരെ ആര് അവതരിപ്പിച്ചാലും. പക്ഷേ ആവലാതിക്കാര്‍ കരയുന്ന നേരത്ത് സെന്റിമെന്‍സ് മ്യൂസിക് ഇടുന്ന പതിവാണ് സാധാരണ കാണാറ്. ദര്‍ശനക്കാര്‍ ഒരു പടി കൂടി കടന്ന് ഈ പ്രോഗ്രാമിന്റെ ടൈറ്റില്‍ സോങാണ് കരച്ചിലിനൊപ്പം സംപ്രേഷിക്കുന്നത്. ഇതൊക്കെ സഹിച്ചാലും ശരി സ്ത്രീ പീഡന പര്‍വ്വം കേരളത്തില്‍ ഇതൊക്കെകൊണ്ട് അവസാനിപ്പിക്കുമോ?

 

Tags: