സ്ത്രീസ്വത്വ ബോധത്തിന്റെ ദാര്‍ശനികത

Friday, December 14, 2012 12:00:00 AM

Text Size    

ജര്‍മ്മനിയിലെ പ്രശസ്ത സംവിധായിക മാര്‍ഗരിറ്റ ഫോണ്‍ ട്രോറ്റയുടെ 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിഷന്‍( vision). ജര്‍മ്മനിയിലെ നല്ല സിനിമാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലചിത്രകാരിയാണ് ഫോണ്‍ ട്രോറ്റ. തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ദ സെക്കന്റ് അവേക്കനിങ്ങ് ഓഫ് ക്രിസ്റ്റീന ക്ലേഗ്‌സ്' 1977 ല്‍ പുറത്തു വന്നു. തന്റെ ചിത്രങ്ങളിലെല്ലാം കടുത്ത സ്ത്രീപക്ഷവാദം കാത്തു സൂക്ഷിച്ച ഈ സംവിധായികയുടെ പ്രശസ്തമായ മറ്റു ചിത്രങ്ങളാണ് റോസ ലക്‌സം ബര്‍ഗ് (1986), ലവ് ആന്റ് ഫിയര്‍ (1988), ദ ലോം ഗ് സൈലന്‍സ് (1993), ഐ ആം ദ അദര്‍ വുമണ്‍ (2006) എന്നിവ. ജര്‍മ്മന്‍ സിനിമയില്‍ വേറിട്ട ഒരു ദര്‍ശനമൊരുക്കിയ പ്രശസ്ത സംവിധായകനായ വോള്‍ക്കര്‍ ഷ്‌ളോയന്‍ ഡോര്‍ഫിന്റെ സഹധര്‍മ്മിണിയാണ് ഫോണ്‍ ട്രോറ്റ. താന്‍ ജീവിക്കുന്ന കാലത്തെയും മതാത്മകതയെയും സ്ത്രീത്വത്തെയും കുറിച്ചുള്ള ഒരു സ്ത്രീയുടെ ആശങ്ക കലര്‍ന്ന ദര്‍ശനങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. തന്റെ കാലത്തിനു മുമ്പേ നടന്ന 12-ാം നൂറ്റാണ്ടിലെ ദാര്‍ശനികയായ സന്യാസിനി ഹില്‍ഡെ ഗാര്‍ഡ് ഫോണ്‍ ജിന്‍ജെ ന്റെ ജീവിതമാണ് ഈ ചിത്രം ആവിഷ്‌ക്കരിക്കുന്നത്. 80 സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ, ഡോക്ടര്‍, എഴുത്തുകാരി, തത്വചിന്തക, പരിസ്ഥിതി പ്രവര്‍ത്തക തുടങ്ങി വിവിധ മേഖലകളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഈ കന്യാസ്ത്രീ ഭക്തിക്ക് വിപ്ലവകരവും ദാര്‍ശനികവുമായ ഒരു പുതിയ വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുന്നു. സ്ത്രീ ലൈംഗികതയെക്കുറിച്ച് വിശദമായി തുറന്നെഴുതുവാന്‍ മനസു കാണിച്ച സ്ത്രീയാണിവര്‍. അവരുടെ സംഗീതത്തിനും സാഹിത്യ തത്വചിന്താ രചനകള്‍ക്കും ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഡാന്റെ, ലിയൊനാഡോ ഡാവിഞ്ചി തുടങ്ങിയ പിന്‍കാല പ്രതിഭകളില്‍ പലരേയും അവള്‍ അഗാധമായി സ്വാധീനിച്ചു. മെഡിവല്‍ ജര്‍മ്മിനിയില്‍ ജീവിച്ച ബഹുമുഖ പ്രതിഭയായ ഒരു കന്യാസ്ത്രീയുടെ കഥയെന്നാണ് ഈ ചിത്രത്തെ പരിചയപ്പെടുത്തുന്നത്. മെഡിവല്‍ കാലഘട്ടത്തിന്റെ ആത്മീയമായ സഹജ സ്വഭാവം മാറ്റി നിര്‍ത്തി സമകാലികവും ലൗകികവുമായ ബോധനത്തെ സ്ഥാപിക്കാനാണ് ഈ ചിത്രത്തില്‍ സംവിധായിക ശ്രമിക്കുന്നത്. സഹസ്രാബ്ദ സുവര്‍ണ്ണ ദശയുടെ ആഗമനത്തില്‍ വിശ്വസിക്കുന്ന ഒരു സംഘം ആളുകള്‍ ഒരു കന്യാസ്ത്രീ മഠത്തില്‍ ഒത്തുചേര്‍ന്ന് ലോകാവസാനത്തെപ്പറ്റി ഓര്‍ത്ത് പ്രാര്‍ത്ഥന നിരതരാകുന്നു. പക്ഷേ പിറ്റേന്ന് പ്രഭാതമുണരുമ്പോള്‍ അവര്‍ തിരിച്ചറിയുന്നു ലോകത്തിന് യാതൊന്നും സംഭവിച്ചിട്ടില്ലന്ന്. ദൈവത്തില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിവുള്ളവളാണ് താനെന്ന് വിശ്വസിക്കുന്ന ഹില്‍ഡെ ഗാര്‍ഡ് ഫോണ്‍ ബിന്‍ ജെന്‍ എന്ന കന്യാസ്ത്രീ. അതിനാല്‍ ഇവര്‍ അറിയപ്പെട്ടത് 'ജീവിക്കുന്ന പ്രകാശം' എന്നാണ്. പത്രണ്ടാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന പള്ളി മേധാവികളുടെ രാഷ്ട്രീയ ബോധവും ധനമോഹവും സന്യാസ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. തീവ്രമായ മതവര്‍ഗീയ ചിന്തകള്‍ വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ സ്ത്രീ പക്ഷത്തു നിന്നുള്ള വീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുള്ള ഫോണ്‍ ട്രോറ്റയുടെ ഉദ്യമം ഈ ചിത്രത്തിന് പുതിയൊരു മാനം സംഭാവന ചെയ്യുന്നു. മതത്തെ ജീവിതത്തിനു മേല്‍ പ്രതിഷ്ഠിക്കാനുള്ള വ്യഗ്രത പലപ്പോഴും നിരന്തര പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തിയായിരിക്കണം മതം. അതൊരിക്കലും ജീവിതത്തിന് മാര്‍ഗ്ഗ തടസം സൃഷ്ടിക്കുന്ന ഒന്നാവരുത്. ഇത്തരം വിചിന്തനം സ്ത്രികളെ മുന്‍ നിര്‍ത്തിയാകുമ്പോള്‍ അതിന് പ്രസ്‌ക്തിയേറുന്നു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. വിഷന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് മാര്‍ഗരിറ്റ ഫോണ്‍ ട്രോറ്റയാണ്. മാര്‍ക്കസ് സിമ്മര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹന്‍ ആക്‌സല്‍ ബ്ലോക്കും, എഡിറ്റിങ്ങ് കോറിന ഡീറ്റ്‌സും നിര്‍വഹിച്ചിരിക്കുന്നു. ബാര്‍ബറ സുക്കോവ, ഹീനോ ഷെര്‍ഫ്, ഹാന ഹെര്‍ഡ്‌സ് പ്രംഗ്, അലക്‌സാണ്ടര്‍ ഹെല്‍ഡ്, ലേന സ്റ്റോള്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 111 മിനിട്ടാണ് ചിത്രത്തിന്റെ പ്രദര്‍ശന സമയം. വെര്‍ണര്‍ ഹെര്‍സോഗിലൂടെയും ഫാസ് ബിന്ദറിലൂടെയും പ്രശസ്തമായ ജര്‍മ്മന്‍ സിനിമയ്ക്ക് ലഭിച്ച മറ്റൊരു അനശ്വര ചലചിത്രകാവ്യമാണ് വിഷന്‍.

 

Tags: