ഒരു പേറും കുറെ നോവും

Friday, December 14, 2012 12:00:00 AM

Text Size    

കവിത കണ്ണന്‍

''അമ്മക്ക് പ്രസവവേദന മകള്‍ക്ക് വീണവായന'' എന്ന് കേട്ടപ്പോള്‍ ഇങ്ങനെ മക്കളുണ്ടോ എന്ന് പണ്ട് സംശയിച്ചിരുന്നു. ഇപ്പം മനസ്സിലായി തരം കിട്ടിയാല്‍ വീണമാത്രമല്ല, 'ചെണ്ടകൊട്ടി' ക്കുകയും ചെയ്യുമെന്ന്. സെപ്റ്റംബര്‍ 27 ന്റെ തൃസന്ധ്യക്ക് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശ്വേതാമേനോന്‍ പ്രസവിച്ചതു മുതല്‍~ഒരു കൂട്ടം ആളുകള്‍ അതിനു പിറകേ ആയി. എന്തായാലും ശ്വേതയുടെ പ്രസവവേദനയിലും വലിയ ധാര്‍മ്മിക വേദനയാണ് പലരും അനുഭവിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഒരു വശത്ത്. മറുവശത്ത് സിനിമാ പ്രഭുക്കള്‍. ഇതിനിടെ ശ്വേതയുടെ കുഞ്ഞ് 2 മാസം വളര്‍ന്നുകഴിഞ്ഞു. ഇടക്കൊരു അവാര്‍ഡും വാങ്ങി, കൂടാതെ ഗിന്നസ് ബുക്കിലേക്ക് സാധ്യതയും തെളിഞ്ഞു. ശ്വേതയും കുഞ്ഞും, പിന്നെ വേദനിക്കുന്ന മഹത്തുക്കളും ഒക്കെ അവിടെ നില്‍ക്കട്ടെ. 'കുന്തം പോയാല്‍ ഇപ്പം ഗൂഗിളിലും തപ്പണം' എന്ന പുതുമൊഴിയില്‍ വിശ്വസിച്ച് ഒന്ന് തപ്പിനോക്കി. ഡെലിവറി വീഡിയോ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചപ്പോള്‍ കിട്ടിയത് ആറ് സെക്കന്റിനുള്ളില്‍ 1,400,000,00 റിസള്‍ട്ടുകള്‍. 1.4 ബില്യണ്‍ എന്നൊക്കെ ചുരുക്കി വായിക്കാം. എന്നിട്ടാണ് ഇനിയുമിറങ്ങാത്ത ക്ലിപ്പിംഗ്‌സുകളുടെ പേരില്‍ പുകില്. ശ്വേതയുടെ പ്രസവ മുറിയില്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ടെക്‌നീഷ്യന്‍മാരും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ഉണ്ടായിരുന്നു. പ്രസവം സിനിമയുടെ ഭാഗമാക്കിയില്ലായിരുന്നുവെങ്കില്‍ ശ്രീവത്സന്‍ ലേബര്‍ റൂമില്‍ ഉണ്ടാകുമായിരുന്നോ? 'ഒരു പക്ഷേ' ഉണ്ടായേക്കാം. ലേബര്‍ റൂമില്‍ ഭര്‍ത്താവിന്റെ സാന്നധ്യം കഴിഞ്ഞ കുറെക്കാലമായി അവിടെയും ഇവിടെയും കേള്‍ക്കുന്നതല്ലാതെ സംഭവിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. പഴനാട്ടുക്കൂട്ടവും വെടിപറച്ചിലും ഇപ്പോള്‍ സന്ധ്യകഴിഞ്ഞതോടെ ടിവിക്കകത്തേക്ക് കയറിയതോടെ ടിവി വിശകലനത്തിന്റെ നിജസ്ഥിതിയില്‍ കുറച്ച് പേര്‍ക്കെങ്കിലും സംശയമുണ്ട്. അതു കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചക്ക് വന്നാലും ചിലപ്പോള്‍ ജനം സ്വീകരിച്ചു എന്ന് വരില്ല. പിന്നെ ആശ്രയം ഇന്റര്‍നെറ്റും മാസികകളും തന്നെയാണ്. പലയൂറോപ്യന്‍ പഠനങ്ങളും ഗവേഷകരും ലേബര്‍ റൂമില്‍ അച്ഛന്റെ സാന്നിധ്യം നല്ലതാണെന്ന് പറയുന്നു. അതിനാല്‍ പലകാരണങ്ങളും ചൂണ്ടിക്കാണിക്കുന്നു. തീര്‍ത്തും അപരിചിതമായ ലോകത്ത് ഏറെ ആശങ്കകളോടെ എത്തുന്ന പെണ്‍കുട്ടിക്ക് തന്റെ ഭര്‍ത്താവിനോളം വിശ്വാസ്യത മറ്റൊരാളിലും ഉണ്ടാവില്ല; അയാളുടെ സാന്നിധ്യം, ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിന് സാഹിയിക്കുന്നു. ആ സമയത്തെ തന്റെ ടെന്‍ഷന്‍ പകുതിയിലേറെയും ഇല്ലാതാക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. ലേബര്‍ റൂം എന്ന (സിനിമകളിലെ) ഭീകര റൂമില്‍ കയറുന്നതിന് 'അച്ഛന്‍മാര്‍ക്ക്' പ്രത്യേക കൗണ്‍സിലിംഗ് നേരത്തെ തന്നെ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്ന അച്ഛന്, സന്തോഷം നിറഞ്ഞ ചിരി 'അമ്മ'യില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു; ലേബര്‍ റൂമില്‍ നിന്നും ഈ സന്തോഷ ചിരികള്‍ ഉയരട്ടെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഈ സംഭവം ഇങ്ങ് കേരളത്തിലും പ്രായോഗിക മാക്കുന്നുണ്ട്. തൃശൂരിലെ രണ്ട് ഹോസ്പിറ്റലുകളില്‍ ഭര്‍ത്താക്കന്മാര്‍ക്കുവേണ്ടി ലേബര്‍ റൂമിന്റെ വാതിലുകള്‍ തുറന്നു കഴിഞ്ഞു. ഡോക്ടര്‍ നിജിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് ഈ വിപ്ലവകരമായ മുന്നേറ്റം ഉണ്ടായത്. ഇതിലേക്ക് ആദ്യം മുന്നിട്ടിറങ്ങിയ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി വിന്‍സെന്റ് ആയിരുന്നു. നിരവധി പ്രീ-കൗണ്‍സിലിങ്ങുകളും, വീഡിയോ പ്രദര്‍ശനങ്ങള്‍ക്കും ശേഷമാണ് ഭര്‍ത്താക്കന്മാരെ ഇതില്‍ സജ്ജരാക്കുന്നത്. കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്ന കാലം അതി വിദൂരമല്ല. ''എല്ലാ അച്ഛന്‍മാര്‍ക്കും സ്വാഗതം''. വാല്‍കഷ്ണം! ബ്ലസിയുടെ ലേബര്‍ യൂണിറ്റിലെ പ്രധാന ക്യാമറാമാന്‍ ടെന്‍ഷന്‍ കാരണം മാറി നിന്നു വത്രെ!

 

Tags: